വാഷിംഗ്ടൺ ഡിസി: ഇസ്രയേലിൽ ഇറാന്റെ ആക്രമണം ആസന്നമെന്ന സൂചനകൾക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ദേശീയ സുരക്ഷാസമിതി യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഇറാൻ ആക്രമിച്ചാൽ ഇസ്രയേലിനെ സഹായിക്കാൻ യുഎസ് തയാറാക്കിയ പദ്ധതികൾ യോഗത്തിൽ അവതരിപ്പിച്ചതായി ബൈഡൻ അറിയിച്ചു. പശ്ചിമേഷ്യാ സംഘർഷം പടരാതിരിക്കാൻ നയതന്ത്രതലത്തിൽ ഊർജിത ശ്രമം തുടരുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പറഞ്ഞു. കഴിഞ്ഞയാഴ്ച ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ ടെഹ്റാനിലും ഹിസ്ബുള്ള കമാൻഡർ ഫവാദ് ഷുക്കൂർ ബെയ്റൂട്ടിലും കൊല്ലപ്പെട്ട സംഭവങ്ങളാണു പശ്ചിമേഷ്യയിൽ വിപുലമായ യുദ്ധഭീതി ഉയർത്തിയിരിക്കുന്നത്. ഇസ്രയേലിനോടു പ്രതികാരം ചെയ്യുമെന്ന് ഇറാനും ഇറാന്റെ പിന്തുണയോടെ ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ളയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിന് ഇറാൻ തെരഞ്ഞെടുക്കുന്ന രീതിയും സമയവും സംബന്ധിച്ചു വ്യക്തതയില്ലെന്നു ദേശീയസുരക്ഷാ സമിതി യോഗത്തിൽ ഉദ്യോഗസ്ഥർ ബൈഡനെ അറിയിച്ചു.
ഇറാനും ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളും ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ചും ചർച്ച നടന്നുവെന്ന് ബൈഡൻ പിന്നീട് പ്രസ്താവനയിൽ പറഞ്ഞു. നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ജോർദാനിലെ അബ്ദുള്ള രാജാവുമായി ചർച്ച നടത്തി. വിമാനങ്ങൾ റദ്ദാക്കി അമേരിക്കയിലെ ഡെൽറ്റ എയർലൈൻസ് കന്പനി ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് 31 വരെ നിർത്തിവച്ചു. ജർമനിയിലെ ലുഫ്താൻസാ കന്പനി ടെഹ്റാൻ, ബെയ്റൂട്ട്, ടെൽ അവീവ് എന്നിവിടങ്ങളിലേക്ക് ഓഗസ്റ്റ് 12 വരെ സർവീസ്നടത്തില്ലെന്നറിയിച്ചു. ജോർദാനിലേക്കു വരുന്ന വിമാനങ്ങൾ 45 മിനിട്ട് അധികം പറക്കാനുള്ള ഇന്ധനം കരുതണമെന്നും നിർദേശമുണ്ട്. യുഎസും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോടു ലബനൻ വിടാനും നിർദേശിച്ചിട്ടുണ്ട്.
Source link