ധാക്ക: ഷേഖ് ഹസീന രാജിവച്ച് രാജ്യംവിട്ടതോടെ ബംഗ്ലാദേശിൽ വിജയാഹ്ലാദവും അനിശ്ചിതത്വവും. വർഷങ്ങൾ ഏകാധിപതിയെപ്പോലെ ഉരുക്കുമുഷ്ടിയിൽ ഭരിച്ച പ്രധാനമന്ത്രി ഓടി രക്ഷപ്പെട്ടതിൽ ബംഗ്ലാ ജനതയിൽ നല്ലൊരു വിഭാഗവും സന്തോഷത്തിലാണ്. പക്ഷേ, ഇനി രാജ്യത്തിന്റെ ഭാവി എന്താണെന്നതിലുള്ള ആശങ്കയും ജനത്തിനുണ്ട്. പ്രക്ഷോഭകരുടെ വിജയലഹരി ധാക്കയിൽ വലിയ കൊള്ളയ്ക്കും കൊള്ളിവയ്പിനും കാരണമായി. ഹസീനയുടെ ഔദ്യോഗിക വസതിയായ ഗണഭവനിൽ ഉണ്ടായിരുന്നതെല്ലാം വിജയസ്മാരകമെന്നപോലെ ആളുകൾ എടുത്തുകൊണ്ടുപോയി. രാഷ്ട്രപിതാവും ഹസീനയുടെ പിതാവുമായ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ കൂറ്റൻ പ്രതിമ തകർക്കാനുള്ള ശ്രമത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഘർഷത്തിൽ പോലീസ് വലിയതോതിൽ സംയമനം പാലിച്ചുവെന്നാണു റിപ്പോർട്ടുകൾ. പോലീസ് സ്റ്റേഷനുകൾക്ക് തീയിട്ടിട്ടും വെടിവയ്പുണ്ടായില്ല. ഹസീനയും അവാമി ലീഗ് പാർട്ടിയും അരങ്ങൊഴിഞ്ഞതോടെ ബംഗ്ലാദേശിന്റെ ഭാവി എന്തെന്ന ചോദ്യം ഉയരുന്നു. സൈന്യം അറിയിച്ച പ്രകാരം ഇടക്കാല സർക്കാർ ഇതുവരെ രൂപവത്കൃതമായിട്ടില്ല. ഇടക്കാല സർക്കാരിൽ സൈന്യത്തെ വേണ്ടെന്നാണ് വിദ്യാർഥി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തുടനീളം സൈനികവിന്യാസം പൂർണമായിട്ടില്ലാത്തതിനാൽ ക്രമസമാധാനനില പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. റോഡുകളെല്ലാം ഇന്നലെ ശൂന്യമായിരുന്നു. സ്വന്തം കാർ നിരത്തിലിറക്കാനുള്ള ധൈര്യം ആർക്കുമില്ല. പോലീസും സമരത്തിൽ ബംഗ്ലാദേശിലെ പോലീസ് സേനയും സമരത്തിൽ. പോലീസുകാരുടെ സുരക്ഷ ഉറപ്പു നല്കണമെന്നാണ് ആവശ്യം. അതുവരെ സമരത്തിലായിരിക്കുമെന്നു പോലീസ് അസോസിയേഷനായ ബിപിഎസ്എ അറിയിച്ചു. തിങ്കളാഴ്ച 450നു മുകളിൽ പോലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടു. ഒട്ടേറെ പോലീസുകാർ കൊല്ലപ്പെട്ടു. അന്ത്യശാസനം ഫലിച്ചു പാർലമെന്റ് പിരിച്ചുവിടാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തിൽ വിദ്യാർഥി നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു. വിദ്യാർഥികളുടെ അന്ത്യശാസനം ഫലിച്ചുവെന്നാണ് പ്രക്ഷോഭത്തിന്റെ കോ-ഓർഡിനേറ്ററായ ആസിഫ് മുഹമ്മദ് സോഷ്യൽ മീഡിയയിൽ പറഞ്ഞത്.
യൂനുസ് നാട്ടിലേക്ക് ഇടക്കാല സർക്കാരിന്റെ ഉപദേശകസ്ഥാനം സ്വീകരിക്കാമെന്നു സാന്പത്തിക വിദഗ്ധനും സമാധാന നൊബേൽ ജേതാവുമായ മുഹമ്മദ് യൂനുസ് അറിയിച്ചു. വിദ്യാർഥികളാണ് അദ്ദേഹത്തെ സ്ഥാനത്തേക്കു നിർദേശിച്ചത്. ഇത്രയേറെ ത്യാഗം സഹിച്ച വിദ്യാർഥികളുടെ അഭ്യർഥന തള്ളിക്കളയാനാവില്ലെന്നു യൂനുസ് പറഞ്ഞു. ചികിത്സയ്ക്കായി പാരീസിലുള്ള യൂനുസ് ഉടൻ ബംഗ്ലാദേശിലേക്കു തിരിക്കുമെന്നാണ് റിപ്പോർട്ട്. എൺപത്തിനാലുകാരനായ യൂനുസിന്റെ മൈക്രോഫിനാൻസ് പദ്ധതി ബംഗ്ലാദേശിലെ ദശലക്ഷങ്ങളെ ദാരിദ്ര്യത്തിൽനിന്നു മോചിപ്പിക്കാൻ കാരണമായിട്ടുണ്ട്. 2006ലാണ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഗ്രാമീൺ ബാങ്കിനും നൊബേൽ ലഭിച്ചത്. അതേസമയം, യൂനുസിനെ ഷേഖ് ഹസീന ശത്രുവായിട്ടാണ് കണ്ടിരുന്നത്. പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്നയാളെന്ന് ഹസീന അധിക്ഷേപിച്ചിട്ടുണ്ട്. ഒട്ടേറെ കേസുകളും യൂനുസ് നേരിട്ടിരുന്നു. 24 പേരെ ചുട്ടുകൊന്നു ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്കാരായ 24 പേരെ പ്രക്ഷോഭകർ ചുട്ടുകൊന്നു. തിങ്കളാഴ്ച കലാപത്തിനിടെ തെക്കുപടിഞ്ഞാറൻ നഗരമായ ജെസോറിലുള്ള സബീർ ഇന്റർനാഷണൽ ഹോട്ടലിന് അക്രമികൾ തീയിടുകയായിരുന്നു. ഖാലിദ മോചിതയായി വീട്ടുതടങ്കലിലായിരുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയ മോചിതയായി. ഹസീനയുടെ ശത്രുവായിരുന്ന ഖാലിദയെ കോടതി 2018ൽ അഴിമതി, അധികാര ദുർവിനിയോഗ കേസുകളിൽ 17 വർഷത്തെ തടവിനു വിധിച്ചതാണ്. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. 1991-96, 2001-2006 കാലഘട്ടത്തിലായിരുന്നു ഭരണം. ഹസീന രാജ്യംവിട്ടതോടെയാണു ഖാലിദയെ മോചിപ്പിക്കാൻ തീരുമാനമുണ്ടായത്. തീ അണയ്ക്കാനെത്തിയ അഗ്നിശമനസേനയെ പ്രക്ഷോഭകർ തടഞ്ഞു. ഇതുമൂലം തീ അണയ്ക്കാൻ 12 മണിക്കൂറെടുത്തു. അവാമി ലീഗ് നേതാവ് ഷാഹിൻ ചക്കൽദാറാണു ഹോട്ടലിന്റെ ഉടമ.
Source link