വിനേഷ് ഫോഗട്ട് ഫൈനലിൽ
പാരീസ്: 33-ാം ഒളിന്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ അഭിമാന പോരാട്ടമായിരുന്നു ഇന്നലെ ഗോദയിൽ വിനേഷ് ഫോഗട്ട് നടത്തിയത്. അതും നിലവിലെ ഒളിന്പിക് ചാന്പ്യനെ അട്ടിമറിച്ചുള്ള അദ്ഭുത മുന്നേറ്റം. ഇന്ത്യയുടെ അഭിമാനപോരാട്ടമെന്നതു ഭാരത സ്ത്രീകളുടെ എന്നു പറഞ്ഞാൽ തെറ്റില്ല. കാരണം, ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായിരുന്ന ബ്രിജ്ഭൂഷൻ സിംഗിനെതിരായ ലൈംഗിക ആരോപണത്തെത്തുടർന്നു സമരത്തിനു നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു വിനേഷ് ഫോഗട്ട്. രാഷ്ട്രീയമായി സോഷ്യൽ മീഡിയകളിലൂടെ വ്യക്തിഹത്യക്കു പാത്രമാകേണ്ടിവന്ന അതേ വിനേഷ് ഫോഗട്ട് പാരീസ് ഒളിന്പിക്സ് വനിതാ ഗുസ്തിയിൽ നിലവിലെ ചാന്പ്യനായ ജപ്പാന്റെ യുയി സുസാകിയെ മലർത്തിയടിച്ചു. അതും 2-0നു പിന്നിൽനിന്നശേഷം. വിമർശനവും പരിഹാസവും ഒറ്റപ്പെടുത്തലും നടത്തിയവരെയെല്ലാം ഗോദയിൽ തോൽപ്പിച്ചതിന്റെ പ്രതികാരമായിരുന്നു ഇന്നലെ പാരീസിൽ കണ്ടത്. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി പ്രീക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിന്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാന്പ്യനുമായ യുയി സുസാകിയെ 2-3നാണ് വിനേഷ് മലർത്തിയടിച്ചത്. ക്വാർട്ടറിൽ യൂറോപ്യൻ മുൻചാന്പ്യനും ലോക ചാന്പ്യൻഷിപ് മെഡൽ ജേതാവുമായ യുക്രെയ്നിന്റെ ഒക്സാന ലിവാഷിനെയും തകർത്തു. 7-5നായിരുന്നു ലിവാഷിനെതിരേ ഫോഗട്ടിന്റെ ജയം. അതോടെ പാൻഅമേരിക്കൻ ഗെയിംസ് ചാന്പ്യനായ ക്യൂബയുടെ യുസ്നീലിസ് ലോപസുമായുള്ള സെമിഫൈനൽ പോരാട്ടത്തിനു ടിക്കറ്റ് സ്വന്തമാക്കി.
ചരിത്രം കുറിച്ച് വിനേഷ് വിനേഷ് ഫോഗട്ട് ഫൈനലിൽ. ക്യൂബയുടെ യുസ്നീലിസ് ലോപസിനെ 5-0ന് തകർത്താണ് ഫോഗട്ടിന്റെ ഫൈനൽ പ്രവേശനം. ഒളിന്പിക് ഗുസ്തിയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ വനിത ഫൈനലിൽ പ്രവേശിക്കുന്നത്. ഇതോടെ ഇന്ത്യ നാലാം മെഡൽ ഉറപ്പാക്കി. ഇന്ന് രാത്രി 11.20നാണ് ഫൈനൽ. 82-1: ഒടുവിൽ യുയി തോറ്റു 14-ാം വയസ് മുതൽ രാജ്യാന്തരവേദിയിൽ തോൽവി അറിയാതെ മുന്നേറുന്ന ഗുസ്തിക്കാരിയാണ് ഇരുപത്തഞ്ചുകാരിയായ ജാപ്പനീസ് താരം യുയി സുസാകി. പാരീസ് ഒളിന്പിക്സ് പ്രീക്വാർട്ടറിൽ വിനേഷ് ഫോഗട്ടിനെ നേരിടുന്നതിനു മുന്പുവരെയായി 82-0 എന്നതായിരുന്നു യുയിയുടെ ജയ-പരാജയ കണക്ക്. അതായത് രാജ്യാന്തര വേദിയിൽ മത്സരിച്ച 82 മത്സരങ്ങളിലും ജയിച്ച ചരിത്രമാത്രമായിരുന്നു യുയിക്കുണ്ടായിരുന്നത്. എന്നാൽ, ആ ചരിത്രം വിനേഷ് ഫോഗട്ടിനു മുന്നിൽ ചെലവായില്ല. 0-2നു പിന്നിൽനിന്നെത്തി, 3-2നു ജയിച്ച് വിനേഷ് മുന്നേറി. 0-2ന് പിന്നിലായിരുന്ന വിനേഷ് അവസാന സെക്കൻഡുകളിൽ മൂന്ന് പോയിന്റ് നേടിയാണ് ജയത്തിലെത്തിയത്. സുസാകി അപ്പീൽ നൽകിയെങ്കിലും തീരുമാനം വിനേഷിന് അനുകൂലമായിരുന്നു. ലോക ചാന്പ്യൻഷിപ്പിൽ രണ്ട് വെങ്കലം, ഏഷ്യൻ ഗെയിംസ് സ്വർണം, കോമണ്‍വെൽത്ത് ഗെയിംസിൽ മൂന്നു സ്വർണം, ഏഷ്യൻ ചാന്പ്യൻഷിപ്പ് ജേതാവ് എന്നിങ്ങനെ മികച്ച ട്രാക്ക് റിക്കാർഡുള്ള താരമാണ് ഇരുപത്തൊന്‍പതുകാരിയായ വിനേഷ് ഫോഗട്ട്.
Source link