KERALAMLATEST NEWS

സ്പീക്കറുടെ പരാതിയിൽ വന്ദേഭാരത് ടിടിഇക്കെതിരെ  എടുത്ത നടപടി  പിൻവലിച്ചു; തീരുമാനം വിവാദത്തെ തുടർന്ന്

തിരുവനന്തപുരം: വന്ദേഭാരതിൽ സ്പീക്കർക്കൊപ്പം അനധികൃതമായി യാത്ര ചെയ്ത സുഹൃത്തിനെ ചോദ്യം ചെയ്‌തതിന് ടിടിഇക്കെതിരെ എടുത്ത നടപടി പിൻവലിച്ചു. നടപടി വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം. തിരുവനന്തപുരം റെയിൽവെ ഡിവിഷണൽ മാനേജരാണ് ചീഫ് ടിടിഇ ജി എസ് പത്മകുമാറിനെതിരെ നടപടിയെടുത്തത്. സംഭവത്തിൽ പത്മകുമാറിനെ പിന്തുണച്ച് റെയിൽവെ ജീവനക്കാരുടെ സംഘടന എസ്ആർഎംയു രംഗത്ത് വന്നിരുന്നു.

അപമര്യാദയായി പെരുമാറിയെന്ന സ്പീക്കർ എഎൻ ഷംസീറിന്റെ പരാതിയിലാണ് പത്മകുമാറിനെ വന്ദേഭാരതിൽ നിന്ന് മാറ്റിയത്. എന്നാൽ പത്മകുമാറിനെതിരായ നടപടി അംഗീകരിക്കില്ലെന്ന് ജീവനക്കാരുടെ സംഘടന എസ്ആർഎംയു വ്യക്തമാക്കി. കൃത്യമായി ജോലി ചെയ്തതിനുള്ള ശിക്ഷയാണ് പത്മകുമാറിന് കിട്ടിയതെന്ന് ആരോപിച്ച് എസ്ആർഎംയു നേതാക്കൾ ഡിവിഷണൽ മാനേജർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി പിൻവലിച്ചത്.

വെള്ളിയാഴ്ച കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വന്ദേ ഭാരത് എക്‌സ്പ്രസിലാണ് സംഭവം. സ്പീക്കർ എഎൻ ഷംസീറിനൊപ്പം സുഹൃത്തായ ഗണേഷ് എന്നയാളും ട്രെയിനിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഗണേഷിന്റെ പക്കൽ ചെയർ കാർ ടിക്കറ്റാണ് ഉണ്ടായിരുന്നത്. എക്സിക്യുട്ടീവ് കോച്ചിലാണ് ഷംസീറിന്റെ ടിക്കറ്റ്. ഇതേ കോച്ചിൽ ഗണേഷും യാത്ര ചെയ്തു. തൃശ്ശൂരിലെത്തിയപ്പോൾ ഗണേഷിനോട് ചെയർ കാറിലേക്ക് മാറാൻ ടിടിഇ നിർദ്ദേശിച്ചു. എന്നാൽ ഗണേഷ് തയ്യാറായില്ലെന്ന് പറയപ്പെടുന്നു. എക്സിക്യുട്ടീവ് കോച്ചിലേക്ക് ടിക്കറ്റ് പുതുക്കിയെടുക്കണമെന്ന ആവശ്യത്തോടും ഗണേഷ് മുഖംതിരിച്ചു. കോട്ടയത്ത് എത്തിയപ്പോഴും ഗണേഷിനോട് കോച്ച് മാറാൻ ടിടിഇ ആവശ്യപ്പെട്ടു. ഇതോടെ ഗണേഷും ടിടിഇയും തമ്മിൽ വാക്കേറ്റമുണ്ടായി.

ടിടിഇ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് എഎൻ ഷംസീറും തർക്കത്തിൽ ഇടപെട്ടതായി ആരോപണമുണ്ട്. ട്രെയിൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ ഡിവിഷണൽ മാനേജർക്ക് സ്പീക്ക‍ർ പരാതി നൽകി. തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതിയിൽ സ്പീക്കർ ആരോപിച്ചത്. ഇതോടെയാണ് പത്മകുമാറിനെ വന്ദേഭാരത് ചുമതലയിൽ നിന്ന് നീക്കിയത്.


Source link

Related Articles

Back to top button