അജ്ഞാത വാഹനമിടിച്ച് അപകടം; തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കരകുളം പാലത്തിന് സമീപം ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. നെടുമങ്ങാട് ആര്യനാട് പുതുക്കുളങ്ങര സ്വദേശി ഗീതയാണ് (37) മരിച്ചത്.
പേരൂർക്കട ഭാഗത്തേക്ക് പോകുകയായിരുന്നു ഗീത. ഇതിനിടെ അജ്ഞാത വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡിൽ വീണ ഗീതയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. നാട്ടുകാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അരുവിക്കര പൊലീസ് കേസെടുത്തു.
കോഴിക്കോട് സ്കൂൾ ബസ് അപകടത്തിൽ 13 വിദ്യാർത്ഥികൾക്ക് പരിക്ക്
കോഴിക്കോട്: സ്വകാര്യ ബസ് സ്കൂൾ ബസിലിടിച്ചുണ്ടായ അപകടത്തിൽ 13 വിദ്യാർത്ഥികൾക്ക് പരിക്ക്. കോഴിക്കോട് എടച്ചേരിയിലാണ് സംഭവം. കാർത്തികപ്പള്ളി എംഎം ഓർഫനേജ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.
ഇന്നുരാവിലെ എടച്ചേരി പൊലീസ് സ്റ്റേഷനടുത്തുള്ള കളയാംവെള്ളി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ജാനകി എന്ന സ്വകാര്യ ബസ് വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. സ്കൂൾ ബസിലെ ഡ്രൈവർക്കും മുന്നിലിരുന്ന കുട്ടികൾക്കുമാണ് പരിക്കേറ്റത്. സ്കൂൾ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറേയും വിദ്യാർത്ഥികളെയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. സ്വകാര്യ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
പരിക്കേറ്റ 12 വിദ്യാർത്ഥികൾ വടകരയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. സ്കൂൾ വാഹനത്തിന്റെ ഡ്രൈവറെയും മറ്റൊരു വിദ്യാർത്ഥിയെയും കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഡ്രൈവർക്ക് തുടയെല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം.
Source link