ഈ കത്തുകൾക്ക് ഇനി ഒറ്റ വിലാസം

കൽപ്പറ്റ: മണ്ണിനടിയിൽ പൂണ്ടുപോയവർ… ജീവൻ കൈയിൽ പിടിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിയവർ ഇവർക്ക് ഒറ്റ വിലാസമാണ്. ദുരന്തത്തിന്റെ ഇരകൾ! അജ്ഞാത മൃതദേഹങ്ങളായി പുത്തുമലയിലെ കുഴിമാടങ്ങളിൽ മണ്ണോടു ചേർന്നവർക്ക് ഒന്നു മുതൽ 180 ലേറെ നമ്പറുകളും. ഇവരിൽ ചിലരെ തേടി വന്ന കത്തുകളുണ്ട് കൽപ്പറ്റയിലെ ഹെഡ്‌പോസ്‌റ്റോഫീസിൽ. ഇനി വിലാസക്കാരനെ തിരിച്ചറിഞ്ഞാൽ തന്നെയും ഒരുപക്ഷേ ആ കത്ത് സ്വീകരിക്കാൻ അയാളുണ്ടാവണമെന്നില്ല. വിലാസക്കാരെ തേടി കത്തുകളും പെൻഷനും വന്നിരുന്ന മുണ്ടക്കൈലെ പോസ്‌റ്റോഫീസ് തന്നെ മലവെള്ളം തകർത്തു. നാലുപതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന മുണ്ടക്കൈ പോസ്റ്റ് ഓഫീസ് പരിധിയിൽ മൂന്നൂറിലേറെ കുടുംബങ്ങളായിരുന്നു വിലാസക്കാർ. പി.ടി. വേലായുധനാണ് പോസ്റ്റ്മാൻ. വ്യക്തിപരമായി അറിയുന്നവരാണ് വിലാസക്കാർ എന്നതിനാൽ ചിലർക്ക് കത്തുകൾ കിട്ടിയേക്കാം. പക്ഷേ, കത്ത് എറ്റുവാങ്ങേണ്ടവിരിൽ പലരും ഇന്നില്ല. 1986ലാണ് മുണ്ടക്കൈയിൽ പോസ്റ്റ് ഓഫീസ് തുടങ്ങിയത്. ചൂരൽ മലയിലെ സെന്റിനൽ റോക്ക് എസ്റ്റേറ്റ് മുതൽ ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടംവരെയായിരുന്നു പരിധി. ദുരന്തത്തിന്റെ ഇരകൾ മാത്രമല്ല മേൽവിലാസം മില്ലാത്തൊരു കണ്ണീർ ഭൂമിയാണ് ഇന്ന് ആ ദേശം.
Source link