കൽപ്പറ്റ: ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലയാളി മേജർ ജനറൽ വി.ടി. മാത്യു മടങ്ങി. ദുരന്തമുഖത്തെ സൈനിക നീക്കങ്ങൾ ഏകോപിപ്പിച്ച വി.ടി. മാത്യുവിന് നാടിന്റെ സ്‌നേഹവും ആദരവുമറിയിച്ച് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ യാത്ര അയപ്പ് നൽകി.
ആർമിയുടെ ബംഗളൂരുവിലെ കേരള-കർണാടക ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്ന് വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങളും തെരച്ചിലും തുടർന്നും നിരീക്ഷിക്കുമെന്ന് വി.ടി. മാത്യു പറഞ്ഞു. ആവശ്യമെങ്കിൽ വീണ്ടുമെത്തുമെന്നും അദ്ദേഹം അറിയിച്ചു.
ജീലായ് 30ന് ഉച്ചയ്ക്ക് 12.30നാണ് സൈനിക സേനാ വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിനെത്തിയത്. ആദ്യഘട്ടത്തിൽ നിരവധി പേരെ രക്ഷിച്ചു. ജൂലായ് 31നാണ് കേരള-കർണാടക ജി.ഒ.സി (ജനറൽ ഓഫീസർ കമാൻഡിംഗ്) മേജർ ജനറൽ വി.ടി. മാത്യു എത്തി രക്ഷാ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. 500 ഓളം സേനാംഗങ്ങളുള്ള മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പിൽ ബെയ്‌ലി പാലം നിർമ്മിക്കുന്ന വിദഗ്ദ്ധരും ഉൾപ്പെട്ടിരുന്നു.
ആദ്യം രക്ഷിച്ചത് 300 പേരെ
ആദ്യദിനം 300 പേരെയാണ് സൈന്യം രക്ഷിച്ചത്. ഉടൻ ബെയ്‌ലി പാല നിർമ്മാണവും ആരംഭിച്ചു. അടിയന്തര രക്ഷാപ്രവർത്തനത്തിന് നടപ്പാലവും പണിതു. പ്രതികൂല കാലാവസ്ഥയിൽ തീരെ പരിചയമില്ലാത്ത സ്ഥലമായിട്ടും കൂടുതൽ പേരെ രക്ഷിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് വി.ടി. മാത്യു പറഞ്ഞു.1999ൽ ഒറീസയിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിനുശേഷം ഇത്ര വലിയ രക്ഷാപ്രവർത്തനത്തിൽ സൈന്യം ഏർപ്പെട്ടിട്ടില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ വയനാട് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
Source link