ജംഷീർ കാത്തിരിക്കുന്നു, ഭാര്യയ്ക്കും കുഞ്ഞിനുമായി…

മേപ്പാടി: ഭാര്യ സുഹൈനയ്ക്കും 16 ദിവസംമാത്രം പ്രായമായ മകനുമായി കരഞ്ഞു കലങ്ങിയ കണ്ണുമായി ജംഷീർ കാത്തിരിപ്പ് തുടങ്ങിയിട്ട് ഏഴ് ദിവസം. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഓരോ വാഹനമെത്തുമ്പോഴും ജംഷീർ ചോദിക്കും ‘അംബുലൻസാണോ സാറെ, മുണ്ടക്കൈയിൽ നിന്ന് ആരെയെങ്കിലും കണ്ടുകിട്ടിയോ..’ ഇതു കേൾക്കുന്നവരുടെ ഉള്ളം തകരും. ഭാര്യയേയും കുഞ്ഞിനെയും മാത്രമല്ല, ഭാര്യാപിതാവ് സുബൈറിനെയും മാതാവ് ഹാജിറയേയും കണ്ടുകിട്ടിയിട്ടില്ല.

അവർക്കായി തകർന്ന ഹൃദയവുമായി ആശുപത്രിക്ക് മുമ്പിലെ ജംഷീറിന്റെ കാത്തിരിപ്പ് ഒന്നാവസാനിച്ചാൽ മതിയെന്ന് ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. മുണ്ടക്കൈ എൽ.പി സ്‌കൂൾ റോഡിലാണ് ജംഷീറിന്റെ ഭാര്യയുടെ വീട്. കാണാതായ നാലുപേരാണ് അന്ന് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ വീടുണ്ടായിരുന്ന ഭാഗം ഒന്നും അവശേഷിപ്പിക്കാതെ ഉരുളെടുത്തു. മുക്കം കുന്നിലാണ് ജംഷീറിന്റെ വീട്. ഭാര്യ സുഹൈന പ്രസവത്തിനായാണ് ഇവിടേക്ക് എത്തിയത്.

ഞായറാഴ്ച മുതൽ മഴ പെയ്യുന്നതിനാൽ, ഭാര്യയേയും കുടുംബത്തേയും മുക്കംകുന്നിലെ വീട്ടിലേക്ക് ജംഷീർ പലതവണ വിളിച്ചതായിരുന്നു. എന്നാൽ അവിടെ സുരക്ഷിതരാണെന്ന് പറഞ്ഞ് വരാൻ കൂട്ടാക്കിയില്ലെന്ന് വേദനയോടെ ജംഷീർ പറയുന്നു. ദുരന്തം നടന്ന രാത്രി ഒരു മണിക്കുശേഷം ഫോണിൽ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിറ്റേന്ന് പുലർച്ചയ്ക്കാണ് അവരെ കാണാനില്ലെന്ന വിവരം ജംഷീർ അറിയുന്നത്.


Source link
Exit mobile version