കൽപ്പറ്റ: ‘അധ്വാനിച്ച് ജീവിച്ച മനുഷ്യനായിരുന്നു. പക്ഷേ ഇപ്പോൾ കൈയിൽ ഒന്നുമില്ല. ക്യാമ്പിൽ ഭാര്യയും മകളും പേരക്കുട്ടിയുമുണ്ട്. കൈയിൽ കാശുണ്ടെങ്കിൽ ഒരു ധൈര്യമാണ്”- മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലുള്ള മുണ്ടക്കൈയിലെ മൊയ്തുവിന്റെ വാക്കുകളിടറി.
ക്യാമ്പുകളിൽ നിന്ന് വീടിരുന്ന സ്ഥലം തേടിയെത്തിയവർ അവശിഷ്ടങ്ങൾക്കിടയിലും തെരയുന്നത് നാളേക്ക് നീക്കിവച്ച സമ്പാദ്യങ്ങളാണ്. ക്യാമ്പുകളിൽ വസ്ത്രവും ഭക്ഷണവുമൊക്കെ കിട്ടുന്നുണ്ട്. പക്ഷേ കൈയിൽ കാശുണ്ടായാലേ അത്യാവശ്യ കാര്യങ്ങൾ നടക്കൂ. തേയിലത്തോട്ടങ്ങളിൽ ജോലിക്കെത്തിയ പിൻമുറക്കാരെപ്പോലെ നാണയത്തുട്ടുപോലും കൈയിലില്ലാതെ അവർ ദരിദ്രരായിരിക്കുന്നു.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളിലായി 5,000 പേരെയാണ് ഉരുൾപൊട്ടൽ ബാധിച്ചത്. 1,721 വീടുകൾ നശിക്കുകയോ വാസയോഗ്യമല്ലാതായോ മാറി. നഷ്ടകണക്കെടുക്കണം, പുനരധിവസിപ്പിക്കണം, എല്ലാവരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം, സർക്കാരിന് മുന്നിലെ കടമ്പകളേറെ.
‘തേയിലനുള്ളി കാശുണ്ടാക്കിയാണ് സാറേ ഇവിടുത്തെ രക്ഷിതാക്കൾ പിള്ളേരേ സ്‌കൂളിൽ വിട്ടേ… അങ്ങനെ കഷ്ടപ്പെട്ട് പഠിച്ചവർ വച്ച വീടുകളാണ് പൊളിഞ്ഞു കിടക്കുന്നേ” ചൂരൽമലയിൽ രക്ഷാ പ്രവർത്തനം തുടരുന്ന പ്രദേശവാസി അജയി പറഞ്ഞു.
പശുവിനെത്തേടി മാധവി
‘എനിക്ക് ഏഴു പശുക്കളുണ്ടായിരുന്നു. നാടനും സിന്ധിയുമെല്ലാമായിട്ട്. എന്റെ ചുവന്ന പശുവിനെ കഴിഞ്ഞ ദിവസം ടി.വിയിൽ കണ്ടു. നടക്കാൻ വയ്യാതായതോടെ അതിന്റെ പാൽ ആളുകൾ കറന്നു കളയുകയായിരുന്നു. കഴുത്തിൽ ചിരട്ട കെട്ടിയ പശുവാണ്. അതിനെ കണ്ടുകിട്ടുമോ”-മേപ്പാടി ക്യാമ്പിലെ മാധവി ചോദിച്ചു. 15 വയസു മുതൽ അധ്വാനിക്കുകയാണ് മാധവി. 2010ലാണ് വീടുണ്ടാക്കിയത്. അത് പോയി. കൈയിൽ പൈസയുമില്ല. ഇനി ചൂരൽമലയിലേക്കില്ല. അവിടെ പോയിട്ട് എന്തുചെയ്യാനാണ്. പശുവിനെ കിട്ടിയാൽ എങ്ങിനെ തീറ്റ വാങ്ങിക്കൊടുക്കുമെന്നും മാധവി ചോദിക്കുന്നു.
വായ്പ തിരിച്ചയ്‌ക്കണമെന്ന് ഇപാടുകാർ
വായ്പ തിരിച്ചടയ്‌ക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പിലുള്ള നിരവധിപ്പേരെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ നിർബന്ധിക്കാൻ തുടങ്ങി. ഫോണിൽ വിളിച്ച് ആദ്യം ചോദിക്കും ‘നിങ്ങൾ സേഫാണോ”. പിന്നെയാണ് ഉടൻ കുടുശ്ശിക തീർക്കാൻ ആവശ്യപ്പെടുന്നത്.
‘അടിയന്തരമായി നഷ്ടപരിഹാരം കെടുക്കാൻ ശ്രമിക്കും. ആളുകൾക്ക് ഒന്നും പുറത്തുപോയി വാങ്ങേണ്ട കാര്യമില്ല. ഓരോ ക്യാമ്പുകളിലും ഒരു ചാർജ് ഓഫീസറുണ്ട്. കൺട്രോൾ റൂമുണ്ട്. അവിടെ അറിയിച്ചാൽ മതി”.
– കെ. രാജൻ, റവന്യു മന്ത്രി
Source link