□കുട്ടികൾക്ക് കൗൺസലിംഗ് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി
കൊല്ലം: വയനാട്ടിലെ ദുരന്ത മേഖലയിൽ വിദ്യാഭ്യാസം 20 ദിവസത്തിനകം പുനരാരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ദക്ഷിണ മേഖല ഫയൽ അദാലത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്കൂളുകളിൽ ക്ലാസുകൾ തുടങ്ങിയാലും അക്കാഡമിക് കാര്യങ്ങളേക്കാൾ പ്രാധാന്യം നൽകുക കുട്ടികൾക്ക് കൗൺസലിംഗ് നൽകുന്നതിലാകും. നിലവിൽ ക്യാമ്പുകളിൽ കൗൺസലിംഗ് നൽകുന്നുണ്ട്. അദ്ധ്യയനം ആരംഭിക്കുമ്പോഴേക്ക് കൂടുതൽ കൗൺസിലർമാരെ നിയോഗിക്കും. ദുരന്തത്തിൽ തകർന്ന സ്‌കൂളുകൾ പുനർനിർമ്മിക്കുന്നതിന് സ്ഥലം സന്ദർശിച്ച നടൻ മോഹൻലാൽ സഹായം വാഗ്ദാനം ചെയ്തിരുന്നു. ഈ വിഷയം മോഹൻലാലുമായി സംസാരിക്കും.
ക്യാമ്പുകളിൽ നിന്ന് സ്‌കൂളിലെത്തുന്ന കുട്ടികൾക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി വരുകയാണ്.
വിദ്യാഭ്യാസ രേഖകൾ നഷ്ടപ്പെട്ടവർക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജി.വി.എച്ച്.എസ്.എസ് വെള്ളാർമല, ജി.എൽ.പി.എസ് മുണ്ടക്കൈ എന്നീ സ്‌കൂളുകൾക്കാണ് ഉരുൾപൊട്ടലിൽ വലിയ നാശമുണ്ടായിരിക്കുന്നത്. ഈ സ്‌കൂളുകളെ പുനഃസ്ഥാപിക്കുകയാണ് സർക്കാരിന്റെ അടിയന്തര ലക്ഷ്യം. വെള്ളാർമല സ്‌കൂളിനെ മാതൃകാ സ്‌കൂളാക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങളായിരിക്കും നിർമ്മിക്കുക. കുട്ടികളുടെ അദ്ധ്യയനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വയനാട്ടിൽ ഉന്നതല യോഗം ചേരും. മന്ത്രിമാർ, കളക്ടർ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ, തദ്ദേശ വകുപ്പ് അധികൃതർ എന്നിവർ പങ്കെടുക്കും.
കാണാമറയത്ത്
35 കുട്ടികൾ
വയനാട് ദുരന്തത്തിൽ കാണാതാവുകയോ മരണപ്പെടുകയോ ചെയ്ത കുട്ടികളുടെ എണ്ണം 53. ഇതിൽ 18 പേരുടെ മരണം സ്ഥിരീകരിച്ചു. 35 കുട്ടികളെ കണ്ടെത്താനായിട്ടില്ല.
Source link