KERALAMLATEST NEWS

ദൗത്യ സംഘങ്ങൾ എത്തുന്നതിന് മുൻപേ കനത്ത മഴയെ അവഗണിച്ച് പറ്റാവുന്ന അത്രയും പേരെ രക്ഷിച്ചവർ, ഫയർഫോഴ്‌സിനെ അഭിനന്ദിച്ച് മന്ത്രി റിയാസ്

വയനാട് ദുരന്തമേഖലയിൽ അക്ഷീണമാർന്ന രക്ഷാപ്രവർത്തനം നടത്തുന്ന കേരള ഫയർഫോഴ്‌സിനെ അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ്. മനസ് മരവിപ്പിക്കുന്ന ഭയാനകമായ കാഴ്ചകൾക്ക് സാക്ഷിയാകേണ്ടി വന്നിട്ടും ഓരോ ജീവനും രക്ഷിക്കാൻ സ്വജീവൻ മറന്നവർ എന്നാണ് റിയാസിന്റെ കുറിപ്പ്.

”ആദ്യത്തെ ഉരുൾപൊട്ടൽ സംഭവിച്ചപ്പോൾ തന്നെ പ്രദേശവാസികളോടൊപ്പം അവിടേക്ക് ഓടിയെത്തിയവർ..

ദൗത്യ സംഘങ്ങൾ എല്ലാം എത്തുന്നതിനും മുൻപേ കനത്ത മഴയെ അവഗണിച്ച് പറ്റാവുന്ന അത്രയും പേരെ രക്ഷിച്ചവർ..

മനസ്സ് മരവിപ്പിക്കുന്ന ഭയാനകമായ കാഴ്ചകൾക്ക് സാക്ഷിയാകേണ്ടി വന്നിട്ടും ഓരോ ജീവനും രക്ഷിക്കാൻ സ്വജീവൻ മറന്നവർ..

ഇരുകരകളെയും ബന്ധിപ്പിച്ച് റോപ്പ് കെട്ടി അതിസാഹസികമായി കൈക്കുഞ്ഞിനെയും രോഗികളെയും ഉൾപ്പെടെ ഇക്കരെ എത്തിച്ചവർ.. ബെയിലി പാലം യാഥാർഥ്യമാകും വരെ താൽക്കാലിക പാലം നിർമിച്ച് അറുന്നൂറോളം പേരെ രക്ഷിച്ചെടുത്തവർ..

ദുരന്തം സംഭവിച്ച് മണിക്കൂറുകൾക്കകം കേരളത്തിലെ വിവിധ യൂണിറ്റുകളെ അണിനിരത്തി ഇന്നും രാപ്പകൽ ഭേദമില്ലാതെ അവിശ്രമം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന കേരള ഫയർ ഫോഴ്സ്. ”

അതേസമയം, വയനാട് ദുരന്തഭൂമിയിൽ ഏഴാംദിനമായ ഇന്നലെയും തിരച്ചിൽ നടത്തി കണ്ടെടുത്തത് ആറു മൃതദേഹങ്ങൾ. വിവിധ സേനകളിൽ നിന്നായി 1174 പേർ പങ്കെടുത്തു. 84 ഹിറ്റാച്ചികളും അഞ്ച് ജെ.സി.ബികളുമായാണ് തിരച്ചിൽ തുടർന്നത്. 112 സംഘങ്ങളായി 913 വോളന്റിയർമാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേർന്നു. കെ-9 ഡോഗ് സ്‌ക്വാഡിന് പുറമെ കരസേന, തമിഴ്നാട് ഫയർസർവീസ് എന്നിവരുടെ ഡോഗ് സ്‌ക്വാഡും പങ്കുചേർന്നു. 276 സേനാംഗങ്ങൾ ചൂരൽമല ടൗണിലും പരിസരത്തും തിരച്ചിൽ നടത്തി.

110 പേരടങ്ങിയ സംഘം ഒമ്പതു ഹിറ്റാച്ചികൾ ഉപയോഗിച്ച് വില്ലേജ് പരിസരത്ത് നടത്തിയ തിരച്ചിലിലാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തത്. വനംവകുപ്പ്, ഫയർ ഫോഴ്സ് എന്നിവയുടെ 101 പേർ അടങ്ങിയ സംഘം പുഴയുടെ അടിവാരം മേഖലയിലെ വനത്തിൽ നടത്തിയ തിരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു.

വയനാട്ടിൽ നിന്ന് നൂറ്റിയമ്പതും നിലമ്പൂരിൽ നിന്ന് എഴുപത്താറും മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. വയനാട്ടിൽ നിന്ന് 24, നിലമ്പൂരിൽ നിന്ന് 157 ഉൾപ്പെടെ 181 ശരീര ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്.


Source link

Related Articles

Back to top button