ASTROLOGY

കണ്ണിനാനന്ദം ലങ്കാനഗരം

കണ്ണിനാനന്ദം ലങ്കാനഗരം | Hanuman’s Epic Journey through Lanka: Confrontations and Discoveries

കണ്ണിനാനന്ദം ലങ്കാനഗരം

മനോരമ ലേഖകൻ

Published: August 06 , 2024 10:22 AM IST

1 minute Read

ലങ്കാനഗരിയിലെ ഹർമ്യങ്ങൾ തോറും സീതാദേവിയെ തിരയുന്ന ഹനുമാനെ സഹായിക്കാൻ പിതാവായ പവനൻ എത്തുന്നു

ശ്രീരാമൻ അംഗുലീയം ഏൽപിക്കുന്നതുവരെ നടന്നതെല്ലാം വ്യക്തമായും വെടിപ്പായും അവതരിപ്പിക്കുന്നു ഹനുമാൻ

മൈനാകത്തെ തലോടി യാത്ര തുടരുന്ന ഹനുമാനെ പെട്ടെന്നാരോ പിടിച്ചുനിർത്തിയതു പോലെ! നിഴൽപിടിച്ചു നിർത്തുന്ന ഛായാഗ്രഹിണിയാണ്. സമുദ്രത്തിന്റെ ഏറ്റവും ആഴമുള്ള പ്രദേശം താവളമാക്കിയവൾ. പിടിച്ചുനിർത്തിയതാരെന്ന് താഴേക്കു നോക്കിയ ഹനുമാന്റെ ഒരു കാൽച്ചവിട്ടു മതിയായിരുന്നു ആ സിംഹിക ഇല്ലാതാകാൻ. മൂന്നു കൊടുമുടികളുള്ള ത്രികൂടപർവതത്തിന്റെ മുകളിൽ ലങ്കാനഗരം പ്രൗഢിയാലും സൗന്ദര്യത്താലും ഹൃദയം കവരുന്നു. 
കടുകിനോളം ചെറുതായി, ഇടതുകാൽവച്ച് ഉള്ളിലേക്കു കടക്കാൻ ശ്രമിക്കുമ്പോൾ ലങ്കാലക്ഷ്മി ഹനുമാനെ തടയുന്നു. അസുരന്മാർക്കോ ദേവകൾക്കോ മനുഷ്യർക്കോ ജന്തുക്കൾക്കോ താനറിയാതെ ഇവിടം കടക്കാനാകില്ലെന്ന് ലങ്കാലക്ഷ്മി. ഇടതുകൈ കൊണ്ടുള്ള പ്രഹരമാണ് ഹനുമാന്റെ മറുപടി. ചോര വമിച്ചെങ്കിലും ലങ്കാലക്ഷ്മി സന്തുഷ്ടയാണ്. പണ്ടു ബ്രഹ്മാവ് തന്നോടു പറഞ്ഞിട്ടുള്ളതാണ് ഇപ്പോൾ സംഭവിക്കുന്നതെല്ലാം. ഹനുമാന് മംഗളം നേർന്ന് അവർ മറയുന്നു. ലങ്കാനഗരിയിലെ ഹർമ്യങ്ങൾ തോറും സീതാദേവിയെ തിരയുന്ന ഹനുമാനെ സഹായിക്കാൻ പിതാവായ പവനൻ എത്തുന്നു. പൂക്കളുടെ സുഗന്ധത്താൽ ആകർഷിച്ച് ശിംശപാവൃക്ഷച്ചുവട്ടിലേക്കാണ് ആനയിക്കുന്നത്. അവിടെ ദേവിയെ കണ്ടെത്തി സമീപത്തെ വൃക്ഷത്തിൽ ഒളിച്ചിരിക്കുകയാണ് ഹനുമാൻ.

രാവണന്റെ വരവിന്റെ ഘോഷം കേൾക്കാം അവിടെയിരുന്നാൽ. വൻ അകമ്പടിയോടെ ആഘോഷമായാണു വരവെങ്കിലും ഉള്ളിൽ മൃത്യുചിന്തയാണ് ‌രാവണന്. ഭഗവാന്റെ ദൂതനായി ഒരു വാനരന്റെ വരവും മറ്റും അയാൾ സ്വപ്നത്തിൽ കണ്ടിരുന്നു.നിന്റെ പാദദാസനാണെന്നും എന്നിൽ പ്രസാദിക്കണമെന്നും പ്രാർഥിച്ചാണ് സീതയ്ക്കു മുന്നിൽ രാവണന്റെ നിൽപ്പ്.തന്നെ തട്ടിയെടുത്തത് എങ്ങനെയെന്ന് സീത ഓർമിപ്പിക്കുന്നു. ഭീരുവാണ് നീ. നിനക്ക് രാമൻ ആരെന്നറിയില്ല. ക്ഷണനേരംകൊണ്ട് നിന്റെ ലങ്ക ഭസ്മമാക്കും രാമൻ. സീതയെ വധിക്കാൻ വാളെടുക്കുന്ന രാവണനെ ഭാര്യ മണ്ഡോദരിയാണ് വിലക്കുന്നത്. ഭയപ്പെടുത്തിയോ വശപ്പെടുത്തിയോ സീതയുടെ മനസ്സുമാറ്റാൻ രാക്ഷസസ്ത്രീകൾക്ക് രണ്ടുമാസം സമയം അനുവദിച്ചാണ് രാവണൻ പിൻവാങ്ങുന്നത്.
മരത്തിന്റെ മറവിൽനിന്നു താൻ കേൾക്കുന്ന കർണാമൃതമായ വാക്കുകൾ സത്യമോ തന്റെ മതിഭ്രമമോ എന്നു സീത സംശയിക്കുന്നു. സത്യമാകട്ടെ, അതുച്ചരിച്ചയാൾ തനിക്കുമുന്നിൽ പ്രത്യക്ഷനാകട്ടെ. കോസലേന്ദ്രനായ രാമന്റെ ദാസനാണു താൻ എന്ന പരിചയപ്പെടുത്തലോടെയാണ് ഹനുമാൻ തുടങ്ങുന്നത്. ശ്രീരാമൻ അംഗുലീയം ഏൽപിക്കുന്നതുവരെ നടന്നതെല്ലാം വ്യക്തമായും വെടിപ്പായും അവതരിപ്പിക്കുന്നു ഹനുമാൻ.ആനന്ദബാഷ്പത്തോടെയാണ് സീത അംഗുലീയം ശിരസ്സിൽ ചേർക്കുന്നത്. ശ്രീരാമചന്ദ്രന് അടയാളമായി നൽകുന്നതിന് ശിരസ്സിലണിയുന്ന ചൂഡാമണിയും അടയാളവാക്യവും സീതാദേവിയിൽനിന്നു ലഭിച്ചുകഴിഞ്ഞു. എങ്കിലും ദൗത്യനിർവഹണത്തിന്റെ ഭാഗമായി ചിലതുകൂടി ബാക്കിയുണ്ടെന്നാണ് ഹനുമാന്റെ ചിന്ത.

English Summary:
Hanuman’s Epic Journey through Lanka: Confrontations and Discoveries

2kk33ujme8vus3uf656mit52up 30fc1d2hfjh5vdns5f4k730mkn-list mo-astrology-ramayana-kanda mo-religion-ramayana-month-2024 7os2b6vp2m6ij0ejr42qn6n2kh-list mo-religion-ramayana-masam-2024 mo-astrology-ramayana-parayanam


Source link

Related Articles

Back to top button