KERALAMLATEST NEWS

വനിതാഡോക്ടർ 4 ദിവസം കസ്റ്റഡിയിൽ തോക്ക് കണ്ടെത്താൻ ഇന്ന് തെളിവെടുപ്പ് ഷിനിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി എൻ.എച്ച്.എം പി.ആർ.ഒ

ഷിനിയെ എയർ പിസ്റ്റളുപയോഗിച്ച് വെടിവച്ച വനിതാ ഡോക്ടറുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. നാലു ദിവസത്തെ കസ്റ്റഡ‌ിയിൽ വിട്ടുകിട്ടിയതിനെ തുടർന്നാണിത്. വെടിവച്ച തോക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന് ഡോക്ടർ മൊഴി നൽകിയ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഭർത്താവിന്റെ ക്വാർട്ടേഴ്സിൽ ഇന്നെത്തിച്ച് കണ്ടെടുക്കുമെന്ന് വഞ്ചിയൂർ സി.ഐ ഷാനിഫ് പറഞ്ഞു. തോക്ക് അവിടെനിന്ന് മാറ്റിയെങ്കിൽ കോട്ടയത്തെ വീട്ടിൽ പരിശോധന നടത്തും. തെളിവു നശിപ്പിച്ചെങ്കിൽ അതിന് വേറെ കേസെടുക്കും.

ഡോക്ടറെ ഇന്നലെ പാൽക്കുളങ്ങര ചെമ്പകശ്ശേരിയിലെ ഷിനിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇവിടെയെത്തിയ വഴിയും വെടിവച്ച രീതിയും രക്ഷപ്പെട്ട മാർഗവുമെല്ലാം ഡോക്ടർ പൊലീസിനോട് വിവരിച്ചു. ഷിനിയെ അടുത്തുനിന്ന് വെടിവയ്ക്കാനാണ് കൊറിയർ വിതരണത്തിനെന്ന വ്യാജേനയെത്തിയത്. ഷിനി ഇറങ്ങി വന്നില്ലായിരുന്നെങ്കിൽ തിരിച്ചു പോകുമായിരുന്നു. കൊറിയർ സ്ലിപ്പിൽ ഒപ്പിടാൻ ഷിനി തനിക്കടുത്തേക്ക് വരുമായിരുന്നെന്ന് ഉറപ്പായിരുന്നുവെന്നും പറഞ്ഞു.

ഡോക്ടറെ കൊല്ലം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്ന് പൊലീസ് അറിയിച്ചതിനെ തുട‌ർന്നാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലുദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. തോക്കും വെടിവച്ച സമയത്ത് ധരിച്ച വസ്ത്രങ്ങളും കണ്ടെത്തണം. കാറിന് വ്യാജനമ്പർ പ്ലേറ്റുണ്ടാക്കിയ എറണാകുളത്തെ കടയിലും ജോലി ചെയ്തിരുന്ന കൊല്ലത്തെ ആശുപത്രിയിലും കൊണ്ടുപോകണമമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടർ എ.മൻമോഹൻ വാദിച്ചു. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത് ശാരീരികമായും മാനസികമായും പീഡിപ്പിക്കാനാണെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല.

ഇതുവരെ കിട്ടിയ തെളിവുകൾ

1.ഷിനിയുടെ ഇടതുകൈയിൽ തുളച്ചു കയറിയ ഒരു പെല്ലറ്റ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ഇത് ശേഖരിച്ചു

2.വെടിവയ്ക്കാനെത്തിയ ഭർതൃപിതാവിന്റെ കാർ കൊല്ലം ആയൂരിലെ ഭർതൃവീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു

3.ഡോക്ടറുടെ ഫോൺ പിടിച്ചെടുത്തു. എയർഗൺ ഓൺലൈനായി വാങ്ങിയത് ഇതുപയോഗിച്ചാണ്

തോക്ക് പരിശോധിക്കും

തോക്ക് പിടിച്ചെടുത്താൽ കോടതിയിൽ ഹാജരാക്കിയശേഷം ലാബിൽ പരിശോധനയ്ക്ക് അയയ്ക്കും

വെടിയുതിർത്തത് ഈ തോക്കിൽനിന്നാണോ എന്നറിയാൻ ബാലിസ്റ്റിക്, ഫോറൻസിക് പരിശോധന നടത്തും


Source link

Related Articles

Back to top button