അജിത് ജി. നായർ പാരീസ് ഒളിന്പിക്സിൽ മത്സരിക്കുന്ന ഇന്ത്യൻ അത്ലറ്റുകൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഒളിന്പിക്സ് വേദികളിലെ കുതിച്ചുയരുന്ന താപനില. കടുത്ത ചൂടിൽ റൂമിൽ ശീതീകരണ സംവിധാനങ്ങളൊന്നുമില്ലാതെ ബുദ്ധിമുട്ടുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് ഇപ്പോൾ 40 പോർട്ടബിൾ എയർ കണ്ടീഷണറുകൾ അയച്ചു നൽകിയിരിക്കുകയാണ് ഇന്ത്യയുടെ കായിക മന്ത്രാലയം. ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ ഫ്രഞ്ച് എംബസിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഗെയിംസ് വില്ലേജിലേക്ക് എയർ കണ്ടീഷണറുകൾ അയയ്ക്കാൻ ധാരണയായത്. പാരീസിൽ ചൂടിനൊപ്പം ഹ്യൂമിഡിറ്റിയും ഉയർന്നതോടെ ഒളിന്പിക് വില്ലേജിലെ താമസം കായികതാരങ്ങൾക്ക് ദുഃസഹമായി തീർന്നിരുന്നു. പാരീസിനെക്കൂടാതെ ഒളിന്പിക്സിന്റെ മറ്റൊരു പ്രധാന വേദിയായ ഷാറ്റോവൂവിലും താപനില ക്രമാതീതമായി ഉയരുകയാണ്. ഷാറ്റോവൂവിലെ ഷൂട്ടിംഗ് റേഞ്ചിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷന്റെ ഫൈനൽ നടക്കുന്പോൾ എട്ടു ഫൈനലിസ്റ്റുകളും വിയർത്തുകുളിച്ചു നിൽക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഈ മത്സരത്തിലാണ് ഇന്ത്യയുടെ സ്വപ്നിൽ കുശാലെയുടെ വെങ്കലനേട്ടം. പുറത്തു വരുന്ന റിപ്പോർട്ടുകളനുസരിച്ച് പാരീസിലെ താപനില ചില ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷസ് കടന്നതായും പറയപ്പെടുന്നു.
ഒളിന്പിക്സ് ആരംഭിക്കുന്നതിനു മുന്പേതന്നെ പലരും പാരീസിലെ വർധിക്കുന്ന ചൂടിനെപ്പറ്റിയുള്ള ആശങ്കകൾ പങ്കുവച്ചിരുന്നു. കാർബണ് ബഹിർഗമനം കുറയ്ക്കാനായി സംഘാടകർ എയർ കണ്ടീഷണനിംഗ് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്. എയർ കണ്ടീഷനിംഗിനു പകരം തറ തണുപ്പിക്കാനുള്ള സംവിധാനവും ഗെയിംസ് വില്ലേജിനകത്ത് കുറഞ്ഞ താപനില നിലനിർത്താനുള്ള സംവിധാനവും ഉറപ്പാക്കുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. എന്നാൽ, ഇതൊന്നും നടപ്പുള്ള കാര്യമല്ലെന്ന് നേരത്തേതന്നെ മനസിലാക്കിയ യുഎസ് അത്ലറ്റുകൾ പാരീസിൽ ലാൻഡ് ചെയ്തതുതന്നെ പോർട്ടബിൾ എയർ കണ്ടീഷണറുകളുമായാണ്. മിക്ക രാജ്യക്കാരും അവരവരുടെ താരങ്ങൾക്ക് പോർട്ടബിൾ എസി ലഭ്യമാക്കാനുള്ള തത്രപ്പാടിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാവിലെയാണ് എസി വാങ്ങുന്ന കാര്യത്തിൽ കായിക മന്ത്രാലയം തീരുമാനമെടുത്തത്. ഇതിനോടകം എസി കായികതാരങ്ങളുടെ റൂമിൽ എത്തുകയും ചെയ്തു. എസി ലഭിച്ചതോടെ കായികതാരങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കുംവിധം സുഖപ്രദമായ വിശ്രമം ലഭിക്കുമെന്നാണ് കരുതുന്നത്.
Source link