KERALAMLATEST NEWS

ദുരിതാശ്വാസത്തിന് നാവികസേനയും

മേപ്പാടി:ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി നാവികസേനയും. 78 സേനാംഗങ്ങളാണ് മറ്റ് സേനാവിഭാഗങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കുമൊപ്പം കൈമെയ് മറന്ന് അദ്ധ്വാനിക്കുന്നത്. നാവികസേനാ ഹെലികോപ്റ്ററുകളും വയനാട്, നിലമ്പൂർ മേഖലകളിൽ ദൗത്യങ്ങളിൽ പങ്കെടുക്കുന്നുണ്ട്. തെരച്ചിലിനും അവശിഷ്ടങ്ങൾ നീക്കാനും മൃതദേഹങ്ങൾ വീണ്ടെടുക്കാനും നേവിയുടെ രണ്ട് സംഘങ്ങളുണ്ട്. ഒരു സംഘം പുഴയോരത്തും മറ്റേ സംഘം മലയോര മേഖലയിലുമാണ് തെരച്ചിൽ നടത്തുന്നത്. മൂന്നാം സംഘം ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നു. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാൻ ചൂരൽമലയിൽ നേവിയുടെ മെഡിക്കൽ പോസ്റ്റും ഉണ്ട്.

ബെയ്ലി പാലം നിർമിച്ച സൈന്യത്തിൽ നാവികസേനയുടെ മൂന്ന് ഓഫീസർമാരും 30 സേനാംഗങ്ങളും ചേർന്നിരുന്നു. റോഡ് മാർഗം രക്ഷാ ഉപകരണങ്ങളുമായി എത്താൻ ബുദ്ധിമുട്ടിയ പൊലീസുകാരെ ഹെലികോപ്റ്ററിൽ സേന എത്തിച്ചിരുന്നു. കാഴ്‌ച കുറവായ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ ഹെലികോപ്റ്റർ നിരീക്ഷണവും നടത്തി.

ഏഴിമലയിലെ ഐ.എൻ.എസ് സമോറിനിൽ നിന്നാണ് നാവികസേനാ പ്രവർത്തനങ്ങളുടെ ഏകോപനം.


Source link

Related Articles

Back to top button