സംരക്ഷിത ക്യാമ്പുകളിൽ കഴിയുന്നത് 47 ആദിവാസികൾ
മേപ്പാടി: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സംരക്ഷിതരായി ആദിവാസി കുടുംബങ്ങൾ. പുഞ്ചിരിമട്ടം, ഏറാട്ടുകുന്ന് ഉന്നതികളിലെ 47 പേരാണ് സംരക്ഷിത ക്യാമ്പുകളിലുള്ളത്.
അഞ്ചു കുടുംബങ്ങളിലായി 16 പേരെ മഴ കനക്കും മുമ്പെ പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥരെത്തി പുഞ്ചിരിമട്ടം സങ്കേതത്തിൽ നിന്ന് ആദ്യം മുണ്ടക്കൈ എൽ.പി സ്‌കൂളിലേക്കും പിന്നീട് വെള്ളാർമല ഹയർസെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലേക്കും മാറ്റിയിരുന്നു. ആദ്യ ഉരുൾപൊട്ടലിൽ ക്യാമ്പിലേക്ക് വെള്ളം കയറിയെങ്കിലും ഇതിനകം മുഴുവൻ പേരെയും അവിടെ നിന്ന് മാറ്റിയിരുന്നു. ഇതിൽ 14 പേർ മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലും മറ്റ് രണ്ടുപേർ ആശുപത്രിയിലുമാണ്.
ഏറാട്ടുകുണ്ട് ഉന്നതിയിൽ കാടിനോട് ചേർന്നുള്ള സങ്കേതത്തിൽ അഞ്ച് കുടുംബങ്ങളിലായുള്ള 33 പേരെയും ക്യാമ്പിലെത്തിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. ഇതിൽ 24 പേരെ അട്ടമല എച്ച്.എം.എൽ പാടി ക്യാമ്പിലാണ് പാർപ്പിച്ചത്. സുരക്ഷിത ഇടങ്ങൾ തേടിപ്പോയ മറ്റുള്ളവരെയും അധികൃതർ ക്യാമ്പിലെത്തിച്ചു. ഉരുൾ പൊട്ടലുണ്ടാകുന്നതിന് മുമ്പ് വനത്തിലേക്ക് പോയ പുഞ്ചിരിമട്ടത്തെ രണ്ട് ആദിവാസികളെ അന്വേഷിക്കുകയാണ്.
പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട് ആദിവാസി കുടംബങ്ങളുടെ പുനരധിവാസത്തിന് പട്ടികവർഗ വികസന വകുപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. രണ്ട് ഉന്നതികളിലുമായി മൂന്ന് ഏക്കറോളം ഭൂമി ഇവിടെയുണ്ട്. കൃഷിയിടങ്ങൾ ഉപേക്ഷിച്ച് മലയിറങ്ങാൻ ഇവർ തയ്യാറാകാത്ത സാഹചര്യം പരിഗണിച്ച് അടിസ്ഥാന സൗകര്യങ്ങളോടെയാണ് പദ്ധതി തയാറാക്കിയിരുന്നത്. ഇതിനിടയിലാണ് ഉരുൾപൊട്ടൽ. ദുരന്ത പശ്ചാത്തലത്തിൽ ആദിവാസി കുടുംബങ്ങളെ അനുയോജ്യമായ സ്ഥലത്ത് പുനരധിവസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പട്ടികവർഗ വികസന വകുപ്പ്.
Source link