പ്രതിബന്ധങ്ങൾ കീഴടക്കി രക്ഷയുടെ മഹാസൈന്യം
കൽപ്പറ്റ: കൂറ്റൻ പാറക്കല്ലുകളും കെട്ടിടാവശിഷ്ടങ്ങളും. അതിനിടയിൽ രക്ഷയ്ക്കായി കേഴുന്നവർ. സർവ സന്നാഹങ്ങളുമായി എത്തിയ സൈന്യം ആദ്യമൊന്ന് പകച്ചു. അത്രയേറെ ഭീതിജനകമായിരുന്നു ദുരന്തഭൂമിയിലെ കാഴ്ചകൾ. ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന പാലം തകർന്നതായിരുന്നു പ്രധാന വെല്ലുവിളി. കെട്ടിടങ്ങൾക്കും പാറക്കൂട്ടങ്ങൾക്കുമിടയിൽ കുടുങ്ങിയവരെ രക്ഷിക്കണമെങ്കിൽ യന്ത്ര സഹായം കൂടിയേ തീരൂ.
” എന്റെ സർവീസിലും ജീവിതത്തിലും ഇത്ര ഭീകരമായ ദുരന്തം കണ്ടിട്ടില്ല”” ചൂരൽമലയിൽ ആദ്യമെത്തിയ മദ്രാസ് റെജിമെന്റിനു കീഴിലുള്ള കണ്ണൂരിലെ 122 ഇൻഫന്ററി ബറ്റാലിയൻ (ടി എ) സൈനികൻ അനിൽകുമാർ പറഞ്ഞു. ആ സമയത്ത് അവിടെയുള്ള മദ്രസയിൽ 150 ആൾക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അതിനു മുന്നിൽ ഏഴ് മൃതദേഹങ്ങളും. ദൗത്യസംഘം ഉടൻ കർമ്മ നിരതമായെങ്കിലും മഴയും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടൽ സാദ്ധ്യതയും വിലങ്ങുതടിയായി. ആദ്യ ഓപ്പറേഷനിൽ തന്നെ വനറാണി എസ്‌റ്റേറ്റിൽ കുടുങ്ങിക്കിടന്ന 80 പേരെ രക്ഷിച്ചു. പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങി സംസ്ഥാന റെസ്‌ക്യൂ ടീമുകൾക്കൊപ്പം സന്നദ്ധ പ്രവർത്തകർ തോളോടു തോൾ ചേർന്നതോടെ കരുതലിന്റെയും രക്ഷയുടെയും മഹാസൈന്യമായി അതുമാറി. എൻ.ഡി.ആർ.എഫും ഇന്ത്യൻ കോസ്റ്റ് ഗാർഡും കൈകോർത്തതോടെ മനുഷ്യജീവന്റെ അവശേഷിപ്പുകളെയും തുടിപ്പുകളെയും തേടിയുള്ള അന്വേഷണപ്രസ്ഥാനമായി. 2000ത്തിലേറെ ജീവനുകൾക്ക് അതു രക്ഷാകരങ്ങളായി.
ഇന്ത്യൻ ആർമിയുടെ മദ്രാസ് റെജിമെന്റിന്റെ നേതൃത്വത്തിൽ ബെയ്‌ലി പാലം നിർമ്മിച്ചതോടെയാണ് രക്ഷാപ്രവർത്തനം കൂടുതൽ ഊർജ്ജിതമായത്. ജൂലായ് 31 ന് രാവിലെ ആരംഭിച്ച പാലം നിർമ്മാണം ആഗസ്റ്റ് ഒന്നിന് വൈകിട്ടോടെ പൂർത്തീകരിച്ചു. ആദ്യ സൈനിക സംഘത്തിന്റെ നീക്കങ്ങൾ ഏകോപിപ്പിച്ചത് കണ്ണൂർ ഡി.എസ്.സി സെന്ററിലെ ഹിമാചൽ സ്വദേശിയായ സൈനികൻ രാഹുൽ പങ്കജാണ്. മരണസംഖ്യ ഇത്രയും ഉയരുമെന്ന് കരുതിയിരുന്നില്ലെന്ന് രാഹുൽപങ്കജ് പറഞ്ഞു. ഉത്തരാഖണ്ഡ് ദുരന്തത്തിൽ അടക്കം സേവനമനുഷ്ഠിച്ച സൈനികനായ യു.പി സ്വദേശി മായകിന് പറയാനുള്ളതും ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചു തന്നെ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് ആദ്യമെത്തിയത് സൈന്യമാണ്. അസാദ്ധ്യമായത് ഒന്നുമില്ലെന്ന് സൈന്യം തെളിയിച്ചു. കരസേനയ്‌ക്കൊപ്പം വായുസേനകൂടി എത്തിയതോടെ രക്ഷാ പ്രവർത്തനം പൂർണ സജ്ജമായി. ദുരന്തമുഖങ്ങളിൽ അനുഭവ പരിചയമുള്ള ദക്ഷിണമേഖല വായുസേന മേധാവിയായ എയർ മാർഷൽ ബി. മണികണ്ഠൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മേജർ ജനറൽ വിനോദ് ടി. മാത്യു കരസേനയെ നയിച്ചു.
ആദ്യ വെല്ലുവിളികൾ
1. തകർന്ന റോഡുകളും പാലങ്ങളും
2. ആദ്യഘട്ടത്തിലെ വലിയ യന്ത്രസാമഗ്രികളുടെ അഭാവം
3. ഭൂമിശാസ്ത്രപരമായ അവ്യക്തത
ആറുമേഖലകളായി തിരിച്ച് ദുരന്തഭൂമിയിൽ തെരച്ചിൽ നടത്തുന്ന ഔദ്യോഗിക രക്ഷാ പ്രവർത്തക സേനാംഗങ്ങളുടെ ആകെ എണ്ണം: 1432
( ആർമി, എൻ.ഡി.ആർ.എഫ്, കേരള പൊലീസ്, ഫോറസ്റ്റ്, ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ് ഉൾപ്പെടെ)
Source link