KERALAMLATEST NEWS

വയനാട് ദുരന്തം: തെരച്ചിൽ ഊർജിതം, മരിച്ചവരുടെ എണ്ണം 365 ആയി ഉയർന്നു

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള തെരച്ചിൽ ആറാംദിനത്തിലേക്ക് കടന്നു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണ് ഊർജിതമായ തെരച്ചിൽ. ചാലിയാറിൽ രണ്ട് മേഖലകളാക്കി തിരിച്ചാണ് തെരച്ചിൽ. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തും പരിശോധന നടത്തും. ചൂരൽ മലയിൽ ശക്തമായ മഴ പെയ്യുകയാണെന്നാണ് റിപ്പോർട്ട്. ഇത് തെരച്ചിലിനെ ബാധിക്കുമോ എന്ന് വ്യക്തമല്ല.

അതിനിടെ, മരണസംഖ്യ 365 ആയി ഉയർന്നു എന്നാണ് അനൗദ്യോഗിക കണക്ക്. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ കണ്ടെടുക്കാൻ കഴിഞ്ഞത് അഞ്ചു മൃതദേഹങ്ങളാണ്. ചാലിയാർ പുഴയിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും 13 ശരീരഭാഗങ്ങളും ലഭിച്ചു.

പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, വില്ലേജ് പരിസരം, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിൽ 31 മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇന്നലെ പരിശോധന നടത്തിയത്. ഇന്ന് ഐ ബോഡ് ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തും. ഹ്യുമൻ റെസ്‌ക്യു റഡാർ ഉപയോഗിച്ച് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തി. മേഖലയിലെ പഴയ ചിത്രവുമായി താരതമ്യം ചെയ്താവും തുടർ തെരച്ചിൽ. അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസിലാക്കി പരിശോധന ശക്തമാക്കും.

ഇന്നലെ വനാതിർത്തികൾ പങ്കിടുന്ന മേഖലകളിൽ തെരച്ചിലിനായി വനം വകുപ്പ് കൂടുതൽപേരെ വിന്യസിച്ചു. തമിഴ്നാട് അഗ്നിശമന വിഭാഗത്തിന്റെ അഞ്ച് ഡോഗ് സ്‌ക്വാഡുകളെയും നിയോഗിച്ചു. എൻ.ഡി.ആർ.എഫ്, ആർമി കെ 9 ഡോഗ് സ്‌ക്വാഡ്, സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പ്, പൊലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, തമിഴ്നാട് ഫയർ ആൻഡ് റസ്‌ക്യൂ, മെഡിക്കൽ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെൽറ്റ സ്‌ക്വാഡ്, നേവൽ, കോസ്റ്റ് ഗാർഡ് തുടങ്ങി 11 വിഭാഗങ്ങളിലെ 1264 പേരാണ് ആറുമേഖലകളിലായി തെരച്ചിൽ നടത്തിയത്.

നിലമ്പൂരിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയ മൂന്നംഗ സംഘം സൂചിപ്പാറ വെളളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിൽ കുടുങ്ങി. ഇവരിൽ രണ്ടുപേരെ ഹെലികോപ്ടറിൽ ആർമി രക്ഷപ്പെടുത്തി. ഒരാളെ സന്നദ്ധ പ്രവർത്തകരാണ് പുറത്തെത്തിച്ചത്.


Source link

Related Articles

Back to top button