ധാക്ക: ബംഗ്ലാദേശിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ട സർക്കാർവിരുദ്ധ പ്രക്ഷോഭം വൻ രക്തച്ചൊരിച്ചിലിനിടയാക്കി. ഏറ്റുമുട്ടലുകളിൽ 14 പോലീസുകാർ അടക്കം 91 പേർ കൊല്ലപ്പെടുകയും ഒട്ടനവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ ധാക്ക നഗരം യുദ്ധക്കളമായി എന്നാണു റിപ്പോർട്ട്. പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് ഇന്നലെ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞമാസം ഇരുനൂറിലധികം പേർ കൊല്ലപ്പെട്ട സംവരണവിരുദ്ധ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾതന്നെയാണ് ഈ സമരത്തിനു പിന്നിലും. ഗവൺമെന്റിനെതിരേ രാജ്യവ്യാപകമായി നിസഹകരണസമരം ആരംഭിച്ചുവെന്നാണു വിദ്യാർഥി കൂട്ടായ്മയായ സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്ക്രിമിനേഷൻ അറിയിച്ചിരിക്കുന്നത്. ജനങ്ങൾ നികുതിയും ബില്ലുകളും അടയ്ക്കരുതെന്നു സമരക്കാർ ആവശ്യപ്പെട്ടു. ധാക്ക നഗരത്തിൽ ആയിരങ്ങൾ പങ്കെടുത്ത പ്രകടനങ്ങളുണ്ടായി. പോലീസ് സമരക്കാർക്കു നേർക്ക് കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. ഹസീനയുടെ അവാമി ലീഗ് പാർട്ടിക്കാർ സമരക്കാരുമായി ഏറ്റുമുട്ടി. മരിച്ചവരിൽ അവാമി ലീഗുകാരും ഉൾപ്പെടുന്നു. ഇന്നലെ വൈകുന്നേരം ആറു മുതൽ അനിശ്ചിതകാലത്തേക്കു രാജ്യവ്യാപകമായി നിശാനിയമം ഏർപ്പെടുത്തി. ധാക്കയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ചർച്ചയ്ക്കുള്ള ഹസീനയുടെ ക്ഷണം സമരക്കാർ തള്ളിക്കളഞ്ഞു.
പ്രതിപക്ഷം ബഹിഷ്കരിച്ച ജനുവരിയിലെ തെരഞ്ഞെടുപ്പിൽ, തുടർച്ചയായ നാലാം വട്ടവും മൊത്തത്തിൽ അഞ്ചാം വട്ടവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഹസീന അടുത്തകാലത്തു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണു വിദ്യാർഥിസമരം. ബംഗ്ലാവിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തരാവകാശികൾക്ക് സർക്കാർ ജോലികളിലുണ്ടായിരുന്ന സംവരണത്തിനെതിരേ കഴിഞ്ഞമാസം നടന്ന സമരത്തെ ഉരുക്കുമുഷ്ടികൊണ്ടാണുഹസീന നേരിട്ടത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംവരണം വെട്ടിച്ചുരുക്കിയെങ്കിലും പ്രക്ഷോഭം പൂർണമായി അവസാനിപ്പിക്കാൻ വിദ്യാർഥികൾ തയാറായില്ല. പ്രക്ഷോഭത്തിൽ പോലീസ് വെടിയേറ്റു മരിച്ചവർക്കു നീതിയുറപ്പാക്കണം എന്നാവശ്യപ്പെട്ട സമരക്കാർ ഇപ്പോൾ ഹസീനയുടെ രാജിക്കുവേണ്ടിയും മുറവിളി ഉയർത്തുന്നു. ബംഗ്ലാദേശിലെ വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാർ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെടണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചു.
Source link