ലെഡെക്കി കിടുക്കി പാരീസ്: നീന്തൽക്കുളത്തിലെ സ്വർണമത്സ്യമായി അമേരിക്കയുടെ കെയ്റ്റ് ലെഡെക്കി. പാരീസ് ഒളിന്പിക്സിൽ വനിതാ വിഭാഗം 800 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം സ്വന്തമാക്കിയതോടെ ലെഡെക്കി ചരിത്രത്താളിൽ സ്വന്തം പേരു ചേർത്തു. 8:11.04 സെക്കൻഡിലാണ് അമേരിക്കൻ താരം സ്വർണവുമായി നീന്തിക്കയറിയത്. ഓസ്ട്രേലിയയുടെ അരിയാർനെ ടിറ്റ്മസിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ലെഡെക്കിയുടെ സ്വർണം. ടിറ്റ്മസ് 8:122.29 സെക്കൻഡുമായി വെള്ളിയണിഞ്ഞു. ലെഡെക്കിയുടെ കരിയറിലെ ഒന്പതാം ഒളിന്പിക് സ്വർണമാണിത്. ചരിത്രത്തിൽ ഏതൊരു അമേരിക്കൻ വനിതാ താരത്തേക്കാളും കൂടുതൽ. ഒളിന്പിക് ചരിത്രത്തിൽ ഒരു വനിത നേടുന്ന ഏറ്റവും കൂടുതൽ സ്വർണം മെഡൽ എന്ന റിക്കാർഡിന് ഒപ്പവും അമേരിക്കൻ താരമെത്തി. സോവ്യറ്റ് യൂണിയന്റെ ഇതിഹാസ ജിംനാസ്റ്റിക്സ് താരമായ ലാറിസ ലാറ്റിനീനയുടെ പേരിലുണ്ടായിരുന്ന റിക്കാർഡിനൊപ്പമാണ് ലെഡെക്കി എത്തിയത്. ഒളിന്പിക് ചരിത്രത്തിൽ അമേരികൻ ഇതിഹാസ നീന്തൽ താരമായ മൈക്കിൾ ഫെൽപ്സിനു പിന്നിൽ രണ്ടാം സ്ഥാനത്തും ഇതോടെ ലെഡെക്കി എത്തി. ഫെൽപ്സിനു 23 ഒളിന്പിക് സ്വർണമുണ്ട്. മാത്രമല്ല, 800 മീറ്റർ ഫ്രീസ്റ്റൈലിൽ ലെഡെക്കി തുടർച്ചയായ നാലാം തവണയാണ് ഒളിന്പിക് സ്വർണം നേടുന്നതെന്നതും ശ്രദ്ധേയം. ഇരുപത്തേഴുകാരിയായ ലെഡെക്കി 2012 ലണ്ടൻ ഒളിന്പിക്സ് മുതൽ 800 മീറ്റർ ഫ്രീസ്റ്റൈലിലെ ക്വീനാണ്. തുടർച്ചയായ നാല് ഒളിന്പിക്സിൽ ഒരേ ഇനത്തിൽ സ്വർണം നേടുന്ന ആറാമത് താരമാണ് ലെഡെക്കി. നീന്തൽക്കുളത്തിൽ ഈ നേട്ടം മുന്പു സ്വന്തമാക്കിയത് മൈക്കിൾ ഫെൽപ്സ് മാത്രമാണ്. ഓഹ്… ജൂലി പാരീസ്: 2024 ഒളിന്പിക്സിലെ വേഗമേറിയ വനിതാ താരപട്ടം സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രെഡിന്. 10.72 സെക്കൻഡിൽ ജൂലിയൻ ആൽഫ്രെഡ് 100 മീറ്റർ ഫിനിഷ് ചെയ്തു. സീസണിലെ ഏറ്റവും മികച്ച സമയം കുറിച്ച അമേരിക്കയുടെ ഷാക്കറി റിച്ചാർഡ്സണിനെ (10.87) രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ജൂലിയൻ ആൽഫ്രെഡിന്റെ സ്വർണ നേട്ടം. 17-ാം വയസിൽ ബോണ്മാരൊ ചികിത്സയ്ക്കു വിധേയമായ താരമാണ് ഷാക്കറി റിച്ചാർഡ്സണ്. അമേരിക്കയുടെ മെലിസ ജെഫേഴ്സണിനാണ് (10.92) വെങ്കലം. ജമൈക്കയെ വീഴ്ത്തി 2008 ബെയ്ജിംഗിൽ ആരംഭിച്ച ജമൈക്കൻ 100 മീറ്റർ കുത്തകയ്ക്കാണ് ജൂലിയൻ ആൽഫ്രെഡ് വിരാമമിട്ടത്. അതേസമയം, സെമിക്കു മുന്പ് ജമൈക്കൻ സൂപ്പർ താരം ഷെല്ലി ആൻ ഫ്രേസർ 100 മീറ്റർ പോരാട്ടത്തിൽനിന്നു പിന്മാറിയിരുന്നു. പരിശീലനത്തിനായി വാംഅപ് ട്രാക്കിൽ പ്രവേശിപ്പിക്കാതിരുന്നതോടെയായിരുന്നു പിന്മാറ്റം എന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, പരിക്കാണു പ്രശ്നമായതെന്ന് ജമൈക്കൻ ടീം വൃത്തങ്ങൾ അറിയിച്ചു. 2020 ടോക്കിയോ ഒളിന്പിക്സ് വെള്ളി ജേതാവായിരുന്നു ഷെല്ലി ആൻ ഫ്രേസർ. 100 മീറ്ററിൽനിന്ന് ജമൈക്കയുടെ ഷെറിക്ക ജാക്സണ് നേരത്തേ പിന്മാറിയിരുന്നു. ടോക്കിയോ 2020 ഒളിന്പിക്സ് 100 മീറ്റർ വെങ്കലജേതാവായിരുന്നു ഷെറിക്ക.
2008 ബെയ്ജിംഗിൽ ഷെല്ലി ആൻ ഫ്രേസർ സ്വർണം നേടിയതോടെയാണ് 100 മീറ്ററിൽ ജമൈക്കയുടെ ആധിപത്യം ആരംഭിച്ചത്. 2012ലും ഷെല്ലിതന്നെ സ്വർണം സ്വന്തമാക്കി. 2016, 2020 ഒളിന്പിക്സുകളിൽ എലെയ്ൻ തോംസണ് 100 മീറ്റർ ജേതാവായി. ജമൈക്കയുടെ ഈ കുത്തകയാണ് സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രെഡ് തകർത്തത്. 2008, 2020 ഒളിന്പിക്സുകളിൽ വനിതാ 100 മീറ്റർ ജമൈക്ക തൂത്തുവാരിയിരുന്നു. സെന്റ് ലൂസിയയുടെ കന്നി മെഡൽ 17.86 ലക്ഷം ആളുകൾ മാത്രമുള്ള രാജ്യമാണ് വെസ്റ്റ് ഇൻഡീസ് ദ്വീപസമൂഹത്തിലുള്ള സെന്റ് ലൂസിയ. ഒളിന്പിക്സിൽ സെന്റ് ലൂസിയയുടെ കന്നി മെഡലാണ് ജൂലിയൻ ആൽഫ്രെഡിലൂടെ കുറിക്കപ്പെട്ടത് എന്നതും ചരിത്രം. രാജ്യത്തിന്റെ കന്നിമെഡൽ നേടിക്കഴിയുന്പോൾ ഒളിന്പിക് വേദിയിലുള്ള മണിമുഴക്കൽ ജൂലിയൻ ആൽഫ്രെഡ് അഭിമാനപൂർവം നടത്തി. 12-ാം വയസിൽ അച്ഛനെ നഷ്ടപ്പെട്ട ആളാണ് ജൂലിയൻ. അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം എടുത്തു. 2018 യൂത്ത് ഒളിന്പിക്സിൽ വെള്ളി സ്വന്തമാക്കിയിരുന്നു. 2022 കോമണ്വെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാവാണ്. ലാഫോണ്ട് ഹണ്ട് പാരീസ്: ഒളിന്പിക് വേദിയിൽ ഡൊമിനിക്കയുടെ കന്നിമെഡൽ സ്വന്തമാക്കി തിയ ലാഫോണ്ട്. 2024 പാരീസ് ഒളിന്പിക്സ് വനിതാ ട്രിപ്പിൾ ജംപിൽ ലാഫോണ്ട് സ്വർണം സ്വന്തമാക്കിയതോടെ ചരിത്രം പിറന്നു. കരീബിയൻ ദ്വീപസമൂഹത്തിലുള്ള ഡോമിനിക്കയുടെ ഒളിന്പിക് ചരിത്രത്തിലെ ആദ്യമെഡൽ നേട്ടമായിരുന്നു അത്. 15.02 മീറ്ററാണ് മൂന്നു ചാട്ടത്തിലൂടെ ഡൊമിനിക്ക താരം പിന്നിട്ടത്. ജമൈക്കയുടെ ഷാനിക റിക്കറ്റ്സ് (14.87) വെള്ളിയും അമേരിക്കയുടെ ജാസ്മിൻ മൂർ (14.67) വെങ്കലവും സ്വന്തമാക്കി. 72,000+ ജനസംഖ്യ മാത്രമുള്ള രാജ്യമാണ് ഡൊമിനിക്ക. ഇത്രയും ചെറിയ രാജ്യത്തിൽനിന്നാണ് ഒളിന്പിക്സിലെ ആദ്യ മെഡൽതന്നെ സ്വർണത്തിളക്കമായത്. റിക്കാർഡ് ബെയ്ൽസ് വനിതകളുടെ ജിംനാസ്റ്റിക്സിൽ പേരു കുറിച്ച് അമേരിക്കയുടെ സിമോണ് ബെയ്ൽസ്. വോൾട്ട് ഇനത്തിൽ 15.300 പോയിന്റുമായാണ് ബെയൽസ് സ്വർണം നേടിയത്. ഇതോടെ ഒളിന്പിക്സിൽ അമേരിക്കൻ ജിംനാസ്റ്റിക് താരത്തിന്റെ സ്വർണമെഡൽ നേട്ടം ഏഴായി. ആകെ പത്ത് മെഡലുകളാണ് ഒളിന്പിക്സിൽനിന്ന് നേടിയിട്ടുള്ളത്. വോൾട്ട് ഇനത്തിൽ രണ്ട് ഒളിന്പിക് സ്വർണമെഡലുള്ള രണ്ടാമത്തെ വനിതയാണ് ബെയ്ൽ. ഇതിനു മുന്പ് ചെക്കോസ്ലോവാക്യയുടെ വെര കാസലാസ്ക (1964, 1968) യാണ് ഈ നേട്ടം കൈവരിച്ചത്. പത്ത് ഒളിന്പിക് മെഡലുകളുള്ള ബെയ്ൽസ് ജിംനാസ്റ്റിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ വനിതകളുടെ പട്ടികയിൽ മൂന്നാം സ്ഥാനം ആഗ്നെസ് കെലേറ്റി, പോളിന അസ്റ്റഖോവ എന്നിവർക്കൊപ്പം പങ്കുവയ്ക്കുകയാണ്. ലാറിസ ലാറ്റിനിന (18), കാസലാസ്ക (11) എന്നിവരാണ് മുന്നിലുള്ളത്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മെഡലുകൾ (40) ഉള്ള ജിംനാസ്റ്റും ബെയ്ൽസ് ആണ്. പാരീസ് ഒളിന്പിക്സിൽ അമേരിക്കൻ താരത്തിന്റെ മൂന്നാമത്തെ സ്വർണമാണ്.
Source link