തിരുവനന്തപുരം: കർക്കടകവാവുബലിദിനമായ ഇന്നലെ സ്‌നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലുമായി പതിനായിരങ്ങൾ പിതൃക്കൾക്ക് ബലിയർപ്പിച്ചു. എള്ളും ചോറും പഴവും ചേർത്ത് തർപ്പണത്തിന് പിണ്ഡം തയ്യാറാക്കിയപ്പോൾ വയനാട്ടിൽ ഉരുൾപൊട്ടലിൽ മണ്ണിലലിഞ്ഞുചേർന്നവരും വിശ്വാസികളുടെ സ്മരണയിലെത്തി.
പിതൃക്കൾക്കൊപ്പം വയനാട്ടിൽ പൊലിഞ്ഞവരുടെ ആത്മമോക്ഷത്തിനായും പ്രാർത്ഥിക്കാനുള്ള പുരോഹിതരുടെ നിർദ്ദേശം ബലിയർപ്പിക്കുന്നവർ ഏറ്റെടുക്കുകയായിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ, 20ൽ 15 ഗ്രൂപ്പുകളിലും ബലിതർപ്പണം നടന്നു. നദീതീരങ്ങളിലും കടൽത്തീരങ്ങളിലും ക്ഷേത്രങ്ങളിലും വലിയ തിരക്കനുഭവപ്പെട്ടു. പുലർച്ചെ രണ്ട് മുതൽ ആരംഭിച്ച ബലിതർപ്പണത്തിനായി അർദ്ധരാത്രിതൊട്ടേ ജനങ്ങളെത്തിയിരുന്നു.
വയനാട്ടിലെ തിരുനെല്ലി,തിരുവല്ലം,ശംഖുംമുഖം,വർക്കല പാപനാശം,തിരുനാവായ നാവാമുകുന്ദക്ഷേത്രം,തിരുമുല്ലവാരം,ആലുവ മണപ്പുറം,തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലും ആയിരങ്ങൾ ബലിതർപ്പണം നടത്തി. ചടങ്ങുകൾ ഉച്ചവരെ നീണ്ടു.
ശിവഗിരി,അരുവിപ്പുറം,ചെമ്പഴന്തി ശ്രീനാരായണഗുരുകുലം എന്നിവിടങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ നടന്നു. നിരവധിപേർ വീടുകളിലും ബലിയിട്ടു. കാലാവസ്ഥ പ്രതികൂലമായതിനാൽ സ്‌നാനഘട്ടങ്ങളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കന്യാകുമാരിയിൽ
ബലിതർപ്പണം ഇന്ന്
കന്യാകുമാരി കടൽത്തീരത്ത് കർക്കടക വാവുബലി ഇന്ന് നടക്കും. കേരളത്തിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് പേർ ഇവിടെ ബലിതർപ്പണത്തിനെത്തുന്നുണ്ട്. കറുത്തവാവ് ദിനമായ ഇന്നും ഉച്ചയ്‌ക്ക് മുമ്പ് ബലിതർപ്പണം നടത്താം.
Source link