ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള, യുദ്ധക്കപ്പൽ അയച്ച് US; പശ്ചിമേഷ്യ യുദ്ധഭീതിയിൽ
ടെല്‍ അവീവ്: ഇസ്രയേലിലേക്ക് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഡസന്‍ കണക്കിന് റോക്കറ്റുകളാണ് ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമാക്കി തൊടുത്തത്. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയ ഇറാന്റെ മണ്ണില്‍ കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ക്കിപ്പുറമാണ് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിക്കുന്നത്. ഹനിയയെ വധിച്ചത് ഇസ്രയേലാണെന്നാണ് ഇറാന്റെ ആരോപണം. അതേസമയം ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയ ഇറാനോട് പിന്മാറണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. വടക്കന്‍ ഇസ്രയേലിലെ ബെയ്ത് ഹില്ലെല്‍ എന്ന ‘മൊഷാവി’ലാണ് (ഇസ്രയേലി ഗ്രാമം) ഹിസ്ബുള്ള ആക്രമണം നടത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഹിസ്ബുള്ള അവകാശപ്പെട്ടു. അതേസമയം ഭൂരിഭാഗം റോക്കറ്റുകളേയും പ്രതിരോധ സംവിധാനമായ അയണ്‍ ഡോം നിര്‍വീര്യമാക്കിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. മിസൈല്‍ ആക്രമണം നടന്നതായി വടക്കന്‍ ഇസ്രയേലിലെ പ്രാദേശിക ഭരണകൂടങ്ങള്‍ പറഞ്ഞതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Source link