കാടിറങ്ങാനില്ല, കാവലാകും വനപാലകർ
കൽപ്പറ്റ: കാടാണ് ഇവരുടെ അമ്മ. ആ മടിത്തട്ടിലെ കരുതൽ വിട്ടുപോരാൻ മടികാട്ടിയ ഗോത്ര വിഭാഗങ്ങൾക്ക് കാവലാവുകയാണ് വനം വകുപ്പ്. മനസുകൊണ്ട് കാടിറങ്ങാൻ തയ്യാറല്ലാത്ത ദുരന്തഭൂമിയിലെ ആദിവാസി കുടുംബങ്ങളെ വനാർതിർത്തി മേഖലയിൽ തന്നെ സംരക്ഷിക്കാനാണ് തീരുമാനം. ഒരു ബലപ്രയോഗത്തിനും മുതിരാതെ അവർക്ക് അവരുടേതായ ആവാസ വ്യവസ്ഥ ഒരുക്കിയിരിക്കുന്നു. സംരക്ഷകരായ ഉദ്യോഗസ്ഥരോട് കോളനിക്കാരായ ബാലകൃഷ്ണനും ചക്കിയമ്മയും കണ്ണീരിന്റെ ഭാഷയിൽ കൈകൂപ്പി നന്ദിപറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരായ വി.എസ്. ജയചന്ദ്രനും സ്വപ്നാരാജും നിഷ്‌കളങ്ക മനുഷ്യർക്കു മുന്നിൽ വിങ്ങി. മേപ്പാടി റെയ്ഞ്ചിലെ എറാട്ടുക്കുണ്ട് കോളനിയലെ 24 പേരെയാണ് വനാതിർത്തിയിൽ സുരക്ഷിതരാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയ മൂന്ന് കുട്ടികളടക്കമുള്ള കുടുംബത്തെയും ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാതെ ഫോറസ്റ്റ് ക്യാമ്പിലെ ഷെഡ്ഡിലാക്കിയിരിക്കുകയാണെന്ന് കൽപ്പറ്റ റെയ്ഞ്ച് ഓഫീസർ ഹാഷിം പറഞ്ഞു. ഉൾവനത്തിൽ നിന്ന് തേനും കുന്തിരിക്കവും ശേഖരിച്ചാണ് ഇവരുടെ ഉപജീവനം. വനത്തിന് അകത്തുമാത്രമേ ഇവർക്ക് അതിജീവനം സാദ്ധ്യമാകൂ. ജീപ്പ് എത്തുക പ്രയാസമായതിനാൽ അഞ്ചുദിവസത്തേക്കുള്ള സാധനങ്ങളാണ് ഇവരുടെ താമസ സ്ഥലത്തേക്ക് ഇന്നലെ എത്തിച്ചത്. ഇത്രയും വർഷം കാട്ടിൽ കഴിഞ്ഞിട്ടും വന്യ മൃഗങ്ങളുടെ ആക്രമണമോ പ്രകൃതി ദുരന്തമോ നേരിട്ടിട്ടില്ലെന്ന് ബാലകൃഷ്ണൻ പറഞ്ഞു. 2019ൽ മേഖലയിൽ ഉരുൾപൊട്ടലുണ്ടായിരുന്നപ്പോഴും ഇവർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നില്ല.
Source link