വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി നൽകും
മുണ്ടക്കൈ എൽ.പി സ്‌കൂൾ പുതുക്കി പണിയും
മേപ്പാടി:ഉരുൾപൊട്ടി തകർന്നടിഞ്ഞ മുണ്ടക്കൈയിലും ചൂരൽമലയിലും സാന്ത്വനവും സഹായവുമായി മോഹൻലാൽ എത്തി. സൈനിക യൂണിഫോമിലായിരുന്നു ലാൽ.
രക്ഷാദൗത്യത്തിന് ആദ്യം എത്തിയ ടെറിട്ടോറിയൽ ആർമി 122 ഇൻഫൻട്രി ബറ്റാലിയന്റെ ലഫ്റ്റനന്റ് കേണലാണ് മോഹൻലാൽ. മേജർ രവിയും ഒപ്പമുണ്ടായിരുന്നു.
ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ എൽ.പി സ്‌കൂൾ പുതുക്കി പണിയാൻ തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്ന് മോഹൻലാൽ പറഞ്ഞു.
മേപ്പാടി മൗണ്ട് താബോർ വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ലാൽ ആദ്യം എത്തിയത്. തുടർന്ന് ചൂരൽമലയിലും സേന നിർമ്മിച്ച ബെയ്‌ലി പാലം കടന്ന് മുണ്ടക്കൈയിലും. തകർന്ന വീടുകൾക്കരികിലൂടെ ദുഷ്‌കരമായ വഴികൾ താണ്ടി ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും പോയി. തിരികെ ചൂരൽമലയിലെത്തിയ ലാൽ സൈനികരെ അഭിനന്ദിച്ചു.
ഈ നാടുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും സേന ഉൾപ്പടെ രക്ഷാപ്രവർത്തകരുടെ സേവനം മഹത്തരമാണെന്നും മോഹൻലാൽ പറഞ്ഞു. സേനയുടെ ഓപ്പറേഷൻ ഉദ്യോഗസ്ഥർ വിവരിച്ചു. സേനയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്‌തു.
അതിനിടെ ഒരു വീട്ടമ്മ കരഞ്ഞുകൊണ്ട് മോഹൻലാലിന്റെ അടുത്തേക്ക് വന്നു-”എല്ലാരും പോകും.ഞങ്ങൾക്ക് ആരും ഉണ്ടാവില്ല – അവർ കരഞ്ഞുകൊണ്ട് പറഞ്ഞു. നിങ്ങൾ ഒറ്റക്കാവില്ലെന്ന് ഉറപ്പ് നൽകാനാണ് ഞാൻ വന്നത് – ലാൽ അവരെ ആശ്വസിപ്പിച്ചു.
എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, മേജർ ജനറൽ എൻ.ടി. മാത്യു, ലെഫ്റ്റനന്റ് രാഹുൽ, ഡിഫൻസ് സെക്യൂരിറ്റി കോർ കമാൻഡന്റ് പി.എസ്. നാഗര, കേണൽ ബെൻജിത്ത് തുടങ്ങിയവരും ലാലിനൊപ്പമുണ്ടായിരുന്നു.
Source link