‘വയനാട് സഹായസെൽ’ രൂപീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തഭൂമിയിലെ ജനങ്ങളുടെ പുനരധിവാസത്തിനായി പ്രവഹിക്കുന്ന സഹായങ്ങളും വാഗ്ദാനങ്ങളും ഏകോപിപ്പിക്കാൻ മുതിർന്ന ഐ.എ.എസ് ഓഫീസറും വയനാട് മുൻ കളക്ടറുമായിരുന്ന ജോയിന്റ് ലാൻഡ് റവന്യു കമ്മിഷണർ എ. ഗീതയുടെ കീഴിൽ “ഹെല്പ് ഫോർ വയനാട് സെൽ” എന്ന പേരിൽ സഹായസെൽ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദുരിതാശ്വാസനിധിയുടെ പോർട്ടലിലും സോഷ്യൽമീഡിയ വഴിയും അല്ലാതെയുമുള്ള വീട് നിർമ്മാണം,സാമ്പത്തിക സഹായം,മറ്റ് സഹായങ്ങൾ എന്നിവ സഹായസെൽ കോ ഓർഡിനേറ്റ് ചെയ്യും. ഇതുമായി ബന്ധപ്പെട്ട കാളുകൾ സ്വീകരിക്കുന്നതിനും മറുപടി നൽകുന്നതിനുമായി കാൾ സെന്ററും സ്ഥാപിക്കും. ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ കാൾ സെന്റർ കൈകാര്യം ചെയ്യും.
പുനരധിവാസസഹായങ്ങൾ നൽകാനൊരുക്കമുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനായി ഇമെയിൽ ഐ.ഡിയും സൃഷ്ടിച്ചിട്ടുണ്ട്. വയനാട് പുനരധിവാസ സംഭാവനകൾ കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പ് സെക്രട്ടറിയുടെ കീഴിൽ ഒരു ഉദ്യോഗസ്ഥന് പ്രത്യേക ചുമതല നൽകി സംവിധാനമൊരുക്കും. സംഭാവനകൾ നൽകുന്നതിനായി donation.cmdrf.kerala.gov എന്ന പോർട്ടലിൽ ദുരിതാശ്വാസനിധിയിലുള്ള വിവിധബാങ്ക് അക്കൗണ്ട് നമ്പറുകൾ നൽകിയിട്ടുണ്ട്. ഓൺലൈൻ ബാങ്കിംഗ്/ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ,യു.പി.ഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പർ വഴി നേരിട്ടോ സംഭാവന നൽകാം. ഇതിലൂടെ നൽകുന്ന സംഭാവനയ്ക്ക് ഉടൻ രസീത് ഡൗൺലോഡ് ചെയ്യാനാകും. യു.പി.ഐ വഴിയുള്ള ഇടപാടുകൾക്ക് 48 മണിക്കൂറിന് ശേഷമേ രസീത് ലഭിക്കൂ.
ക്യൂ.ആർ കോഡ് വഴി
സംഭാവന നൽകാനാവില്ല
സഹായങ്ങൾക്ക് യു.പി.ഐ ക്യു.ആർ കോഡ് സ്‌കാൻ ചെയ്‌ത് ഫണ്ട് കൈമാറാനാകില്ല. ക്യു.ആർ കോഡ് ദുരുപയോഗം ചെയ്‌തും അതിനൊപ്പമുള്ള കേരളസർക്കാർ എന്ന ഫോണ്ട് ദുരുപയോഗം ചെയ്‌തും ഫണ്ട് തട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. പകരം പോർട്ടലിൽ നൽകിയിട്ടുള്ള യു.പി.ഐ ഐ.ഡി വഴി ഗൂഗിൾ പേയിലൂടെ സംഭാവന നൽകാം.
സഹായസെൽ ഫോൺ നമ്പറുകൾ: 9188940013,9188940014,9188940015.
ഇ.മെയിൽ:letushelpwayanad@gmail.com.
വെബ് പോർട്ടൽ:donation.cmdrf.kerala.gov.
Source link