വാഷിംഗ്ടൺ ഡിസി: ഹനിയ വധത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ ഭീഷണികളിൽനിന്ന് ഇസ്രയേലിനു സംരക്ഷണമേകാൻ പശ്ചിമേഷ്യയിൽ കൂടുതൽ യുദ്ധവിമാനങ്ങളും കപ്പലുകളും വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചു. ഹമാസിന്റെ പരമോന്നത നേതാവായിരുന്ന ഹനിയ ബുധനാഴ്ച ടെഹ്റാനിൽ കൊല്ലപ്പെട്ടതിൽ ഇസ്രയേലിനോടു പ്രതികാരം ചെയ്യുമെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനെയ് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഹനിയ വധത്തിനു മണിക്കൂറുകൾക്കു മുന്പ് ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയുടെ മുതിർന്ന കമാൻഡർ ഫവാദ് ഷുക്കൂർ കൊല്ലപ്പെട്ടതും പശ്ചിമേഷ്യയിൽ സംഘർഷസാധ്യത വർധിപ്പിച്ചിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകൾ വെടിവച്ചിടുന്ന യുദ്ധക്കപ്പലുകളെയാണ് പശ്ചിമേഷ്യയിലേക്ക് അയയ്ക്കുന്നതെന്ന് യുഎസ് അറിയിച്ചു. മിസൈൽ പ്രതിരോധ സേനയ്ക്ക് അതീവ ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്. ഇസ്രയേലിന്റെ സംരക്ഷണം യുഎസിന്റെ കടമയാണെന്നും കൂട്ടിച്ചേർത്തു. ഏപ്രിലിലെ ഇറേനിയൻ ആക്രമണത്തെ ചെറുക്കാൻ സ്വീകരിച്ച നടപടികൾക്കു തുല്യമാണ് ഇപ്പോഴത്തേതും. 300 മിസൈലുകളും ഡ്രോണുകളുമാണ് ഇറാൻ അന്ന് ഇസ്രയേലിലേക്കു തൊടുത്തത്.
യുഎസും ഇസ്രയേലും സഖ്യകക്ഷികളും ചേർന്ന് ഏതാണ്ടെല്ലാം വെടിവച്ചിട്ടു. ഇസ്രേലി സേന സിറിയയിൽ വ്യോമാക്രമണം നടത്തി ഇറേനിയൻ ജനറൽമാരെ വധിച്ചതിനുള്ള പ്രതികാരമായിരുന്നു ഈ ആക്രമണം. വീണ്ടും ഇറേനിയൻ ഭീഷണി ഉണ്ടായിരിക്കുന്ന പശ്ചാത്തലത്തിൽ ഇസ്രയേൽ കടുത്ത ജാഗ്രതയിലാണ്. ടെലികോം സംവിധാനങ്ങളിൽ ആക്രമണമുണ്ടായാൽ ബന്ധപ്പെടാനായി ഇസ്രേലി മന്ത്രിമാർക്ക് സാറ്റലൈറ്റ് ഫോണുകൾ നല്കിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഒട്ടേറെ അന്താരാഷ്ട്ര എയർലൈൻസുകൾ ഇസ്രയേലിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ഇതിനിടെ, ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ചർച്ചകൾക്കായി ഇസ്രേലി പ്രതിനിധിസംഘം വരുംദിവസങ്ങളിൽ ഈജിപ്തിലേക്കു പോകുമെന്ന് പ്രധാനമന്ത്രി നെതന്യാഹു കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇസ്രേലി സേന ഇന്നലെ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കാറെമിൽ നടത്തിയ രണ്ടു വ്യോമാക്രമണങ്ങളിൽ ഹമാസിന്റെ സൈനികവിഭാഗം നേതാവ് ഹൈതം ബാലിഡി അടക്കം ഒന്പതു പേർ കൊല്ലപ്പെട്ടു
Source link