ബ്രിട്ടൻ കടന്നാൽ മെഡൽ പ്രതീക്ഷ
പുരുഷ ഹോക്കിയിൽ 1980നുശേഷം ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു 2020 ടോക്കിയോ ഒളിന്പിക്സിലെ വെങ്കലം. ചരിത്രം കുറിച്ച വെങ്കലത്തിനുശേഷം വീണ്ടും ഹോക്കിയിൽ പതക്കത്തിനായുള്ള പോരാട്ടവഴിയിലാണ് ഇന്ത്യ. മലയാളി താരം പി.ആർ. ശ്രീജേഷ് കാവൽ നിൽക്കുന്ന ഇന്ത്യൻ ടീമിനിന്നു ക്വാർട്ടർ ഫൈനൽ പോരാട്ടം. ബ്രിട്ടനാണ് ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം ഇന്നുച്ചകഴിഞ്ഞ് 1.30ന് ഇന്ത്യ x ഗ്രേറ്റ് ബിട്ടൻ പോരാട്ടം അരങ്ങേറും. ജയിച്ചാൽ ഇന്ത്യക്കു സെമിയിൽ പ്രവേശിക്കാം. അതോടെ മെഡൽ പ്രതീക്ഷ സജീവമായി നിലനിർത്താം. ഇന്നു നടക്കുന്ന മറ്റു ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ജർമനി അർജന്റീനയെയും നെതർലൻഡ്സ് ഓസ്ട്രേലിയയെയും ബെൽജിയം സ്പെയിനിനെയും നേരിടും. ക്വാർട്ടറിൽ ബ്രിട്ടനെ കീഴടക്കി സെമിയിലെത്തിയാൽ ഇന്ത്യയുടെ എതിരാളികൾ ജർമനി x അർജന്റീന മത്സര വിജയികളാണ്. ആറാം തീയതിയാണ് സെമി പോരാട്ടങ്ങൾ.
പൂൾ ബിയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 2020 ടോക്കിയോ ഒളിന്പിക്സ് ജേതാക്കളായ ബെൽജിയമായിരുന്നു പൂൾ ബി ചാന്പ്യന്മാർ. പൂൾ ബിയിൽ ഇന്ത്യ ന്യൂസിലൻഡ് (3-2), അയർലൻഡ് (2-0), ഓസ്ട്രേലിയ (3-2) ടീമുകളെ കീഴടക്കി. അർജന്റീനയുമായി (1-1) സമനിലയിൽ പിരിഞ്ഞു. ബെൽജിയത്തോടു മാത്രമാണ് (2-1) പരാജയപ്പെട്ടത്. അതും ആദ്യം ഗോൾ നേടിയശേഷം. ഒളിന്പിക് വേദിയിൽ 52 വർഷത്തിനു ശേഷമായിരുന്നു ഇന്ത്യ ഓസ്ട്രേലിയയെ കീഴടക്കിയത്. മികച്ച ഫോമിലുള്ള ഇന്ത്യ, ഇന്നു ബ്രിട്ടനെ മറികടന്ന് മെഡൽ പ്രതീക്ഷ സജീവമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2020 ടോക്കിയോയിൽ സെമിയിൽ ബെൽജിയത്തോട് 5-2നു പരാജയപ്പെട്ട ഇന്ത്യ, വെങ്കല മെഡൽ പോരാട്ടത്തിൽ 5-4നു ജർമനിയെ കീഴടക്കുകയായിരുന്നു.
Source link