ഒളിന്പിക്സിൽ ലക്ഷ്യ സെന്നിന്റെ സെമി ഇന്ന്
പാരീസ്: ഇന്നലെ ചെറുതല്ലാത്ത നിരാശയോടെയാണ് പാരീസ് ഒളിന്പിക്സിൽ ഇന്ത്യ പോരാട്ടങ്ങൾ അവസാനിപ്പിച്ചത്. മെഡൽ പ്രതീക്ഷിച്ച വനിതാ 25 മീറ്റർ എയർ റൈഫിളിൽ മനു ഭാകറിനു നാലാം സ്ഥാനത്തു ഫിനിഷ് ചെയ്യാൻ മാത്രമേ സാധിച്ചുള്ളൂ. രണ്ടു വെങ്കലം നേടിയ മനുവിലൂടെ ആദ്യസ്വർണമെത്തുമെന്നായിരുന്നു ഇന്ത്യൻ പ്രതീക്ഷ. മനുവിനു പിന്നാലെ അന്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ പുറത്തായതും ഇന്ത്യൻ ക്യാന്പിൽ നിരാശ പടർത്തി. എന്നാൽ, അടിച്ചുകേറി വാ… എന്ന പ്രതീതിയോടെയാണ് ഇന്ന് ഇന്ത്യ ഒളിന്പിക് വേദിയിലെത്തുന്നത്. പുരുഷ ബാഡ്മിന്റണിൽ ലക്ഷ്യ സെൻ സെമി പോരാട്ടത്തിനിറങ്ങും. പുരുഷ ഹോക്കിയിൽ ഇന്ത്യക്കിന്നു ക്വാർട്ടർ പോരാട്ടമുണ്ട്. ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്ന രണ്ട് ഇനങ്ങളാണിവ. ലക്ഷ്യയുടെ ലക്ഷ്യം ഫൈനൽ ഒളിന്പിക്സ് ചരിത്രത്തിൽ ഇന്ത്യക്കായി മെഡൽ നേടുന്ന ആദ്യ പുരുഷതാരം എന്ന ചരിത്രത്തിലേക്കാണ് ലക്ഷ്യ സെൻ ഷോട്ട് പായിക്കുക. ഒളിന്പിക് ചരിത്രത്തിൽ ഇന്ത്യക്ക് ഇതുവരെ ഒരു വെള്ളി, രണ്ടു വെങ്കലം എന്നിങ്ങനെ മൂന്നു മെഡലാണുള്ളത്. മൂന്നും വനിതാ സിംഗിൾസിലും. ഒരു വെള്ളിയും (2016 റിയൊ) ഒരു വെങ്കലവും (2020 ടോക്കിയോ) പി.വി. സിന്ധുവും മറ്റൊരു വെങ്കലം സൈന നെഹ്വാളുമാണ് (2012 ലണ്ടർ) ഇന്ത്യക്കുവേണ്ടി ഇതുവരെ സ്വന്തമാക്കിയത്. ഇന്നു നടക്കുന്ന സെമിയിൽ ജയം നേടാനായാൽ ലക്ഷ്യ സെന്നിനു ഫൈനലിലേക്കു മുന്നേറാം. അതോടെ സ്വർണപ്രതീക്ഷയ്ക്കു വകയുണ്ട്. അതേസമയം, ഇന്നു പരാജയപ്പെട്ടാൽ വെങ്കലമെഡൽ പോരാട്ടം ബാക്കിയുണ്ട്. ഏതായാലും ഇന്ത്യക്കാർ ലക്ഷ്യ സെന്നിന്റെ സ്വർണത്തിനു തന്നെയാണ് കാത്തിരിക്കുന്നത്.
ഡെന്മാർക്കിന്റെ വിക്ടർ ആക്സെൽസെന്നാണ് സെമി ഫൈനലിൽ ലക്ഷ്യ സെന്നിന്റെ എതിരാളി. ഇന്ത്യൻ സമയം ഇന്നുച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ക്വാർട്ടറിൽ ചൈനീസ് തായ് പേയിയുടെ ചൗ ടിൻ ചെന്നിനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ലക്ഷ്യ സെൻ സെമി ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കിയത്. 2022 ടോക്കിയോ ലോക ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരമായിരുന്നു ചൗ ടിൻ ചെൻ. ആദ്യ ഗെയിം 19-21നു നഷ്ടപ്പെട്ടശേഷം 21-15, 21-12 എന്നിങ്ങനെ തുടർന്നു രണ്ടു ഗെയിമും സ്വന്തമാക്കി ലക്ഷ്യ സെൻ സെമിയിലേക്കു മുന്നേറി. പുരുഷ സിംഗിൾസിൽ ലോക രണ്ടാം നന്പർ താരമാണ് വിക്ടർ ആക്സെൽസെൻ; ലക്ഷ്യ സെൻ 14-ാം റാങ്കുകാരനും. 2020 ടോക്കിയോ ഒളിന്പിക്സിൽ സ്വർണം കരസ്ഥമാക്കിയത് ആക്സെൽസെനാണ്. സെമിയിൽ അട്ടിമറിയിലൂടെ ലക്ഷ്യ സെൻ ഫൈനലിൽ പ്രവേശിക്കട്ടേയെന്ന പ്രാർഥനയിലാണ് ഇന്ത്യക്കാർ. 2021 ലോക ചാന്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവാണ് ലക്ഷ്യ സെൻ. ഇന്നു നടക്കുന്ന ആദ്യ സെമിഫൈനലിൽ തായ്ലൻഡിന്റെ കുൻലാവുട്ട് വിറ്റിഡ്സറനും മലേഷ്യയുടെ ലീ സീ ജിയയും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.20നാണ് മത്സരം ആരംഭിക്കുക. ഈ സെമിക്കുശേഷമാണ് ലക്ഷ്യ സെൻ x ആക്സെൽസെൻ പോരാട്ടം. കുൻലാവുട്ട് 2023 ലോക ചാന്പ്യൻഷിപ്പ് ജേതാവാണ്.
Source link