വയനാട് ദുരന്തം; മുണ്ടക്കൈ, ചൂരൽമല പ്രദേശവാസികൾക്ക് സൗജന്യ റേഷൻ നൽകുമെന്ന് മന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല പ്രദേശവാസികൾക്ക് സൗജന്യമായി റേഷൻ നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ എആർഡി 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകുന്നതാണെന്ന് മന്ത്രി അറിയിച്ചു.

മുൻഗണനാ വിഭാഗക്കാർക്ക് നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണ്ണമായും സൗജന്യമായി റേഷൻ വിഹിതം നൽകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണ്. വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 364 പേരായി ഉയർന്നു. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേരാണ് കഴിയുന്നത്.

ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ ചാലിയാർ പുഴ കേന്ദ്രീകരിച്ച് നടത്തിയ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പുഴയിൽ തെരച്ചിൽ തുടങ്ങിയത്. ഇതുവരെ കണ്ടെത്തിയതിൽ മൂന്നിലൊന്ന് മൃതദേഹങ്ങളും ചാലിയാറിൽ നിന്നാണ് കണ്ടെത്തിയത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ ചാലിയാറിൽ നിന്ന് 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളുമാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിയത്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്.


Source link

Exit mobile version