KERALAMLATEST NEWS

വയനാട്ടിലുണ്ടായത് സോയിൽ ഫൈറ്റിംഗ്‌, പാഠം പഠിക്കാത്തതിന്റെ അവസാന ഉദാഹരണം

തിരുവനന്തപുരം: വയനാട്ടിലുണ്ടായത് ഉരുൾ പൊട്ടലല്ല. സോയിൽ ഫൈറ്റിംഗാണ്. പ്രകൃതിദുരന്തങ്ങളിൽ നിന്ന് നാം പഠിക്കാത്തതിന്റെ അവസാനത്തെ ഉദാഹരണമാണിത്. പുത്തുമലയിലും ഇതാണുണ്ടായത്.

മിതമായ തോതിൽ അപകടസാദ്ധ്യതയുള്ള മേഖലയായാണ് കേരളത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഭൂമി കുലുങ്ങി ആയിരക്കണക്കിനാളുകളെ നഷ്ടമായ ഉത്തരഖണ്ഡിലെ പ്രദേശങ്ങളൊക്കെ മിതമായ അപകടസാദ്ധ്യതാ പ്രദേശങ്ങളാണെന്നോർക്കണം.

പരിസ്ഥിതിലോല പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ സോയിൽ ഫൈറ്റിംഗിന് കാരണമാകും. വയനാട്ടിൽ ദുർബലമായ പ്രദേശത്താണ് ദുരന്തമുണ്ടായത്. ഇത്തരം പ്രദേശത്ത് ഉപരിതലത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഭൂമിക്കടിയിൽ പാറകൾക്കും മണ്ണിനുമിടയിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടാൻ ഇടയാക്കും. ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ളവയാണ് ഈ ഗർത്തങ്ങൾ. അതിവൃഷ്‌ടി ഉണ്ടാവുമ്പോൾ ദുർബലമേഖലകളിലെ ഭൗമപാളി തകർന്ന് ഈ ഗർത്തങ്ങൾ പൊട്ടിത്തെറിച്ച് വലിയ ജലപ്രവാഹമുണ്ടാകും. ഇതാണ് സോയിൽഫൈറ്റിംഗ്. 2018 ലും 2019 ലുമുണ്ടായ ദുരന്തത്തെ, അതിവൃഷ്ടിയെ പഴിച്ച് നാം ഒഴിഞ്ഞുമാറി. പ്രകൃതിദുരന്തങ്ങൾ ഒരുതരത്തിൽ മനുഷ്യ നിർമ്മിതം തന്നെയാണ്. വയനാട്ടിൽ ഏതാണ്ടെല്ലാ ഭാഗങ്ങളും മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടാകുന്നവയാണെന്ന് എനിക്ക് നേരിട്ട് ബോദ്ധ്യമായതാണ്.

ഭൂവിനിയോഗത്തിന്റെ കാര്യത്തിൽ കൃത്യമായ ജാഗ്രത വേണമെന്ന് നിർദ്ദേശിച്ചത് മാധവ് ഗാഡ്‌ഗിലാണ്. നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ അവഗണിക്കപ്പെട്ടു. പിന്നീട് വന്ന കസ്തൂരിരംഗൻ റിപ്പോർട്ടുൾപ്പെടെ പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് മറച്ചുവച്ചിട്ട് താത്പര്യങ്ങൾക്ക് വഴിപ്പെട്ടു. നിർദ്ദേശങ്ങൾ പാലിക്കപ്പെടാനാണ് കമ്മിഷനെ വയ്ക്കുന്നത്. അത് കർശനമായി നടപ്പാക്കേണ്ടത് ഭരണകൂടങ്ങളാണ്.

പരിസ്ഥിതിലോല പ്രദേശങ്ങളെ കൃത്യമായി അടയാളപ്പെടുത്തണമെന്ന് 2018ലും 2019 ലും ഞാനടക്കമുള്ള പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. അതും അവഗണിക്കപ്പെട്ടു.ദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കുന്നില്ലെങ്കിലും ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിൽ നാം ലോകത്തിന് തന്നെ മാതൃകയാണെന്ന് പറയാതെ വയ്യ. വയനാടിന് വേണ്ടി കേരളമൊന്നാകെ ഒറ്റ മനസായി നിൽക്കുകയാണ്.


Source link

Related Articles

Back to top button