ഉരുൾപൊട്ടലുകളുടെ നാട്
മേപ്പാടി: കാലാവസ്ഥ മാറ്റവും പശ്ചിമഘട്ട തകർച്ചയും വയനാടിനെ പിടിച്ചുലയ്ക്കുന്നു. വർഷം കഴിയുന്തോറും ഉരുപ്പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും തോത് ഏറിവരികയാണ്. മരണ സംഖ്യയും ഉയരുന്നു. മുണ്ടക്കൈയിലേത് മൂന്നാമത്തെ ഉരുൾപൊട്ടലാണ്. 1984ലാണ് മുണ്ടക്കൈ പുഞ്ചിരിമട്ടം മലനിരകൾക്കു സമീപം ആദ്യമായി ഉരുൾപൊട്ടുന്നത്. അന്ന് 17 പേർ മരിച്ചു. ജൂലായിലുണ്ടായ ഉരുൾപൊട്ടലിൽ മലഞ്ചെരിവുകളിൽ താമസിച്ചിരുന്ന കാട്ടുനായ്ക്ക കുടുംബങ്ങളടക്കം ഒലിച്ചുപോയി.
2020ലാണ് മുണ്ടക്കൈയിൽ രണ്ടാമത്തെ ഉരുൾപൊട്ടൽ. മഴ കനത്തതോടെ ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതിനാൽ ജീവഹാനിയുണ്ടായില്ല. പക്ഷേ, മലയടിവാരത്തെ റിസോർട്ടുകൾക്കും വീടുകൾക്കും കനത്ത നാശനഷ്ടം സംഭവിച്ചു. കവളപ്പാറ ഉരുൾപൊട്ടലിന്റെ അന്നു തന്നെയാണ് വയനാടിനെ കണ്ണീരണിയിച്ച് പുത്തുമല ദുരന്തമുണ്ടാകുന്നത്. 2019 ആഗസ്റ്റ് എട്ടിനുണ്ടായ ദുരന്തത്തിൽ 17 പേർ മരിച്ചു. 50ലേറെ വീടുകൾ ഒലിച്ചുപോയി.
ഇപ്പോൾ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്ന് രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് പുത്തുമല. മഹാപ്രളയത്തിന്റെ സമയമായതിനാൽ പുത്തുമല ദുരന്തം പുറം ലോകമറിയാൻ ഏറെ വൈകി. 1992 ജൂൺ 19ന് പടിഞ്ഞാറത്തറ കാപ്പിക്കുന്നിൽ നടന്ന ഉരുൾപൊട്ടലിൽ രണ്ട് കുടുംബങ്ങളിലായി 11 പേരെയാണ് ഉരുൾ വിഴുങ്ങിയത്. കുടുംബത്തിൽ അവശേഷിച്ച 10 വയസുകാരിയെ പിന്നീട് സർക്കാർ ഏറ്റെടുത്തു. ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകൾ വയനാട്ടിൽ പല സമയങ്ങളിൽ ഉണ്ടായിട്ടുണ്ട്. ആളപായമില്ലാത്തതിനാൽ പുറംലോകം അറിഞ്ഞില്ല. അനിയന്ത്രിതമായ നിർമ്മാണവും വനനശീകരണവും ക്വാറികളുടെ അതിപ്രസരവും വയനാടിന്റെ ഭൂമികയെ മാറ്റിമറിക്കുകയാണ്.
Source link