KERALAMLATEST NEWS

ഇളകി വന്നത്  86000 ചതുരശ്ര മീറ്റർ പ്രദേശത്തെ മണ്ണും പാറക്കൂട്ടവും,​ വയനാട്ടിൽ 1984 ദുരന്തത്തിന്റെ ആവർത്തനമെന്ന് ഐ.എസ്.ആർ.ഒ

തിരുവനന്തപുരം: നാലുപതിറ്റാണ്ടുമുമ്പ് 1984 ജൂലായ് ഒന്നിന് വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ആവർത്തനമാണ് ഇത്തവണയുണ്ടായതെന്ന് ഐ.എസ്.ആർ.ഒ. റിപ്പോർട്ട്. അന്നത്തേക്കാൾ അതിതീവ്രമാണെന്ന് മാത്രം. ദുരന്തമുണ്ടാകുന്നതിന് മുമ്പും അതിനുശേഷവുമുള്ള ഉപഗ്രഹചിത്രങ്ങൾ അപഗ്രഥിച്ച് ഇസ്രോയ്ക്ക് കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

ചൂരൽമലയ്ക്ക് 950 മീറ്റർ മുകളിലും സമുദ്രനിരപ്പിൽ നിന്ന് 1550മീറ്റർ ഉയരത്തിലുമാണ് ഇത്തവണ ഉരുൾപൊട്ടലുണ്ടായത്. ഇവിടെതന്നെയാണ് 1984 ൽ 14പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലുണ്ടായത്. അന്നുണ്ടായതിന്റെ പതിൻമടങ്ങ് വ്യാപ്തിയിലാണ് ഇത്തവണയുണ്ടായത്. ആകെ 86000 ചതുരശ്ര മീറ്റർ പ്രദേശത്തെ മണ്ണും പാറക്കൂട്ടവുമാണ് ഇളകിയത്. ഇത് പാറയും മണ്ണും വൃക്ഷങ്ങളുമെല്ലാമായി എട്ടു കിലോമീറ്റർ താഴേക്ക് ഇരുവഴിഞ്ഞിയാറിലൂടെ പതിക്കുകയായിരുന്നു.ഇതോടെ ഇരുവഴിഞ്ഞിയാറിന്റെ ഗതി മാറി. നദിക്ക് മൂന്നിരട്ടിയിലേറെ വലിപ്പവുമായി.ഇരുവശങ്ങളിലേയും വീടുകളും കെട്ടിടങ്ങളും ഉൾപ്പെടെ എല്ലാനിർമ്മിതികളും തകർത്താണ് എട്ടുകിലോമീറ്റർ വരെ താഴേക്ക് ഇതെല്ലാം വീണത്.

2023 മേയ് 22ന് കാർട്ടോസാറ്റ് ഉപഗ്രഹമെടുത്ത ചിത്രങ്ങളും ദുരന്തമുണ്ടായശേഷം ജൂലായ് 31ന് റിസാറ്റ് 2ബി. ഉപഗ്രഹമെടുത്ത ചിത്രങ്ങളും വിശകലനം ചെയ്താണ് ഈ കണ്ടെത്തൽ.

നാൽപത് വർഷം മുമ്പ് ഉരുൾപൊട്ടലുണ്ടായത് ഘടനാമാറ്റങ്ങൾ മൂലമാണ്.ഇത്തവണയും അതിനിടയാക്കിയത് ഭൂമിയിലെ ഘടനയിലുണ്ടായ മാറ്റങ്ങളാണ്.ഒരേസ്ഥലത്ത് ഉരുൾപൊട്ടൽ ആവർത്തിക്കുന്നത് ഈ സൂചനയാണ് നൽകുന്നത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായയിടങ്ങളിൽ അത് ആവർത്തിക്കാനുള്ള സാധ്യത കൂടുതലാണ്. ജനവാസകേന്ദ്രങ്ങളിൽ കൂടുതൽ ജാഗ്രത, കരുതൽ സംവിധാനങ്ങളുണ്ടാകണമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.


Source link

Related Articles

Back to top button