വയനാട്: എല്ലാവരും സഹകരിക്കുന്നു- മന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വലിയ യോജിപ്പാണുണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നല്ല നിലയിൽ കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രി പി.രാജീവ്. പുനരധിവാസമാണ് അടുത്ത ദൗത്യം.

പ്രതിപക്ഷനേതാവ് അടക്കം എല്ലാവരും സഹകരിക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും യോജിച്ചാണ് നിൽക്കുന്നത്. കേന്ദ്ര സർക്കാരുമായും യോജിച്ചാണ് നടപടികൾ. സൈന്യത്തിന്റെയടക്കം വലിയ സേവനമാണ് ലഭിക്കുന്നത്.

ഇനിയുള്ളത് കുറേക്കൂടി കടുപ്പമുള്ള ജോലിയാണ്. എല്ലാവരുടെയും പുനരധിവാസമാണ് പ്രധാന പ്രശ്നം. ദുരന്തത്തിനിരയായവരെ മാനസികാഘാതത്തിൽ നിന്ന് തിരിച്ചുകൊണ്ടുവരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയോട് നല്ല പ്രതികരണമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. കേരളത്തിൽ നിന്നു മാത്രമല്ല, പുറത്തും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ആൾക്കാർ, സംഘടനകൾ ഉൾപ്പെടെ വളരെ ആവേശത്തോടെ സഹകരിക്കുന്നുണ്ട്. എല്ലാവരുമായും ചർച്ച ചെയ്ത് വളരെ സുതാര്യമായ പുനരധിവാസ സംവിധാനമായിരിക്കും തയ്യാറാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഘട്ടം രക്ഷാപ്രവർത്തനത്തിന്റേതാണ്. അതിന്റെ തുടർച്ചയായി അടുത്ത ദൗത്യവും ഏറ്രെടുക്കേണ്ടതുണ്ട്. മാദ്ധ്യമങ്ങളും സ്തുത്യർഹമായ രീതിയിലാണ് ഈ ഘട്ടത്തിൽ പ്രവർത്തിച്ചിട്ടുള്ളത്. തെറ്രായ പല പ്രചാരണങ്ങൾ തുറന്നുകാട്ടാനും മാദ്ധ്യമങ്ങൾ ശ്രമിച്ചിട്ടുണ്ട്.


Source link

Exit mobile version