ജന്മാഷ്ടമി പുരസ്‌കാരം ടി.എസ്. രാധാകൃഷ്ണന്
ടി.എസ്.രാധാകൃഷ്ണൻ.
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം നൽകുന്ന ജൻമാഷ്ടമി പുരസ്കാരം സംഗീതസംവിധായകൻ ടി.എസ്. രാധാകൃഷ്ണന്. 50000രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ശ്രീകൃഷ്ണജയന്തിയൊടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ നൽകും.
ശ്രീകൃഷ്ണദർശനങ്ങളെ അടിസ്ഥാനമാക്കി സാംസ്കാരിക, സാഹിത്യ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ശ്രീകുമാരൻ തമ്പി, ഡോ. എ.എം. ഉണ്ണികൃഷ്ണൻ, ആർ. പ്രസന്നകുമാർ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.
എറണാകുളം ശിവക്ഷേത്രത്തിലെ ഊട്ടുപുരയിലെ ഭജനസംഘത്തിൽ പാടിത്തുടങ്ങിയ സംഗീതജ്ഞനാണ് ടി.എസ്. രാധാകൃഷ്ണൻ. 1971ൽ യേശുദാസിന്റെ സംഗീതയാത്രയുടെ പത്താംവാർഷികാഘോഷത്തോടനുബന്ധിച്ച് യേശുദാസ് തന്നെ വിധികർത്താവായി നടത്തിയ മത്സരത്തിൽ കർണാടകസംഗീതത്തിൽ ഒന്നാം സ്ഥാനം നേടി. 200ആൽബങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. എസ്. രമേശൻനായരുടെ ഒട്ടേറെ രചനകൾക്കു ഭാവസാന്ദ്രമായ സംഗീതം നല്കി. യേശുദാസിന് വേണ്ടി എറ്റവും കൂടുതൽ അയ്യപ്പഭക്തിഗാനങ്ങൾ ഒരുക്കിയതും രാധാകൃഷ്ണനാണ്. ശ്രീവാഴും പഴവങ്ങാടിയിലെ, ഒരു നേരമെങ്കിലും, നീലപ്പീലിക്കാവടിയേന്തി, വടക്കുന്നാഥാ സർവം, ഒരു യുഗം തൊഴുതാലും തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. പ്രസിദ്ധ ആൽബങ്ങളിലെ പമ്പാഗണപതി, തിരുവാറന്മുള കൃഷ്ണാ, വടക്കും നാഥാ, അമ്പലപ്പുഴയിലെൻ, നൃത്തമാടൂ കൃഷ്ണാ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കി.
Source link