തിരുവനന്തപുരം: : തലസ്ഥാനത്തെ വീട്ടമ്മയെ കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി വെടി വച്ച വനിതാ ഡോക്ടറെ, തോക്ക് കണ്ടെടുക്കാൻ 4 ദിവസം കസ്റ്റഡിയിൽ വേണമെന്ന് വഞ്ചിയൂർ പൊലീസ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ അപേക്ഷ നൽകി. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
ഡോക്ടറെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. എൻ.എച്ച്.എം പി.ആർ.ഒ ഷിനിയെ വെടി വച്ച തോക്ക്, ഭർത്താവിന്റെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഡോക്ടറുടെ മൊഴി. ഇവരുടെ ഭർത്താവ് മെഡിക്കൽ കോളേജിൽ ഡോക്ടറാണ്. മുറി പൂട്ടി പൊലീസ് സീൽ ചെയ്തിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിച്ചാൽ വനിതാ ഡോക്ടറുമായി പൊലീസ് പാരിപ്പള്ളിയിൽ തെളിവെടുപ്പ് നടത്തി തോക്ക് പിടിച്ചെടുക്കും. വെടി വയ്ക്കാൻ ഭർതൃപിതാവിന്റെ കാറുമായാണ് ഡോക്ടർ എത്തിയത്. ഈ കാറിൽ പിടിപ്പിക്കാനുള്ള വ്യാജ നമ്പർപ്ലേറ്റുണ്ടാക്കിയ എറണാകുളം സിറ്റിയിലെ കടയിലും ഡോക്ടറെയെത്തിച്ച് തെളിവെടുക്കും. ആയൂരിലെ ഭർതൃവീട്ടിൽ നിന്ന് കാർ പിടിച്ചെടുത്തിരുന്നു.
അതേസമയം, ഡോക്ടറുടെ പരാതിയിൽ ഷിനിയുടെ ഭർത്താവ് സുജിത് നായർക്കെതിരേ മാനഭംഗത്തിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഇന്നലെ വഞ്ചിയൂർ പൊലീസ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. ഇത് കൊല്ലത്തെ കണ്ണനല്ലൂർ സ്റ്റേഷനിൽ റീ-രജിസ്റ്റർ ചെയ്യും. കൊല്ലം കോടതിയിൽ സമർപ്പിച്ച ശേഷമാവും തുടർനടപടികൾ. കൊല്ലത്തെ ആശുപത്രിയിൽ പ്രവർത്തിക്കവേ അവിടത്തെ ക്വാർട്ടേഴ്സിൽ വച്ച് 2021 ആഗസ്റ്റിൽ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇതിനു ശേഷം സുജിത്ത് സൗഹൃദം പെട്ടെന്ന് അവസാനിപ്പിച്ചെന്നും മാനഭംഗത്തിന് കേസെടുക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടതനുസരിച്ചാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
Source link