KERALAMLATEST NEWS

വയനാട് പുനരധിവാസം: പ്രവാസികളുടെ സേവനം അനിവാര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൽ പ്രവാസികൾക്ക് വിലപ്പെട്ട സംഭാവനകൾ നൽകാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി) 14-ാം ദ്വൈവാർഷിക ഗ്ലോബൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹിരാകാശം മുതൽ വൈദ്യശാസ്ത്രം വരെ ലോകത്ത് പ്രതിഭകളായ നിരവധി മലയാളികളുണ്ട്. അവരുൾപ്പെടെ പ്രവാസികളുടെ സേവനം വയനാട് പുനരധിവാസത്തിന് അനിവാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വേൾഡ് മലയാളി കൗൺസിലിന്റെ ഡോ. പി.എ ഇബ്രാഹിം ഹാജി മെമ്മോറിയൽ ഗോൾഡൻ ലാന്റേൺ പുരസ്കാരം പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദാലിക്കും പ്രഥമ സാഹിത്യ പുരസ്കാരം പ്രഭാ വർമ്മയ്ക്കും ബിസിനസ് അച്ചീവ്മെന്റ് അവാർഡ് നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യുക്കേഷൻ പ്രോ ചാൻസലറും നിംസ് മെഡിസിറ്റി എം.ഡിയുമായ എം.എസ്. ഫൈസൽഖാനും മലബാർ ഗോൾഡ് എം.ഡി എം.പി. അഹമ്മദിനും ഗോൾഡൻ റേ പുരസ്കാരം സംവിധായകൻ ബ്ലസിക്കും മുഖ്യമന്ത്രി സമ്മാനിച്ചു.

ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ഡബ്ല്യു.എം.സി ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെ.എസ്‌.ഐ.ഡി.സി സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണൻ, പി.എ. സൽമാൻ ഇബ്രാഹിം, പി.എം. നായർ, രാജേഷ് പിള്ള, ഷൈൻ ചന്ദ്രസേനൻ, ജോൺസൺ തലച്ചല്ലൂർ, കെ.പി. കൃഷ്ണകുമാർ, ജോളി എം. പടയാറ്റിൽ, ജോളി തടത്തിൽ, ഡോ. കെ.ജി. വിജയലക്ഷ്മി, ജെറോ വർഗീസ് എന്നിവർ പ്രസംഗിച്ചു.

വയനാട്ടിൽ ഒരു കോടിയുടെ ഭവന പദ്ധതി

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ ഒരു കോടി രൂപ ചെലവിട്ട് 14 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് വേൾഡ് മലയാളി കൗൺസിൽ അറിയിച്ചു. ഇതിന്റെ സമ്മതപത്രം ഡബ്ല്യു.എം.സി ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ളയും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിയും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ദുരന്തമേഖലയിൽ സന്നദ്ധ പ്രവർത്തനത്തിനും സാധനങ്ങൾ എത്തിക്കാനും തങ്ങളുടെ വോളന്റിയർമാർ സജ്ജരാണെന്നും ഭാരവാഹികൾ പറഞ്ഞു.


Source link

Related Articles

Back to top button