സി.പി.എം 25 ലക്ഷം സംഭാവന നൽകി
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം സംസ്ഥാന ഘടകം 25 ലക്ഷം രൂപ സംഭാവന നൽകി. ത്രിപുരയിലെയും തമിഴ്നാട്ടിലെയും പാർട്ടി ഘടകങ്ങൾ 10 ലക്ഷം രൂപാവീതവും നൽകിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും വലിയ തോതിലുള്ള പണം ആവശ്യമുണ്ട്. അതിനായി എല്ലാ പാർട്ടി ഘടകങ്ങളും സംഭാവന നൽകണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിക്കാൻ 10,11 തീയതികളിൽ പാർട്ടി പ്രവർത്തകർ വീടുകൾ സന്ദർശിച്ച് ക്യാമ്പയിൻ നടത്തും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിലടക്കം കേരളം ഒറ്റക്കെട്ടായി രംഗത്തെത്തി. സർക്കാർ ഫലപ്രദവും ഏകോപിതവുമായി ഇടപെടുന്നുണ്ട്.
ഷായുടെ പ്രസ്താവന
രാഷ്ട്രീയ പ്രേരിതം
വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയത് രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനയെന്ന് എം.വി.ഗോവിന്ദൻ. പരസ്പരം യോജിച്ച് പ്രവർത്തിക്കേണ്ട സമയത്ത് ഇത്തരം തെറ്റായ സമീപനം ആരെയും സഹായിക്കില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പ് ശരിയായ മുന്നറിയിപ്പ് നൽകിയിരുന്നില്ല. ദുരന്തമുണ്ടായതിന് ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ ആർ.എസ്.എസും ബി.ജെ.പിയും ശുദ്ധകളവ് പറയുകയാണ്.
Source link