തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തിവച്ചതായി പരാതി

കുട്ടി എസ്.എ.ടി ആശുപത്രി വെന്റിലേറ്ററിൽ
തിരുവനന്തപുരം : തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയെത്തിയ 11വയസുകാരന് മരുന്ന് മാറി കുത്തിവച്ചതായി പരാതി. കുത്തിവയ്പ്പിന് പിന്നാലെ നെഞ്ചുവേദനയും ഛർദ്ദിയുമുണ്ടായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ എസ്.എ.ടി ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റ് വെന്റിലേറ്ററിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തൈക്കാട് ആശുപത്രി അധികൃതർ അറിയിച്ചു.
കണ്ണമ്മൂല സ്വദേശി രാജേഷിന്റെ മകൻ റിജോയാണ് എസ്.എ.ടിയിൽ ചികിത്സയിലുള്ളത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ളാസ് വിദ്യാർത്ഥിയായ കുട്ടിക്ക് 29ന് വൈകിട്ട് സ്‌കൂളിൽ വച്ച് പനിയുണ്ടായി. സ്‌കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി വീട്ടിലേക്ക് കുട്ടിക്കൊണ്ടുപോയി അന്ന് രാത്രി തൈക്കാട് ആശുപത്രിയിൽ നിന്ന് മരുന്ന് നൽകി വിട്ടെങ്കിലും പനിക്ക് ശമനമുണ്ടായില്ല. പനിയും ഛർദ്ദിയും കുറയാത്തതിനാൽ 30ന് രാവിലെ 10ഓടെ തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടി. ഒ.പിയിൽ ഉണ്ടായിരുന്ന ഡോക്ടർ പരിശോധിച്ച ശേഷം ശിശുരോഗവിദഗ്ദ്ധന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹം ഛർദ്ദിലിന് മരുന്നും പനിക്ക് കുത്തിവയ്പ്പും എഴുതി. അത്യാഹിതവിഭാഗത്തിൽ നിരീക്ഷണത്തിലാക്കിയ കുട്ടിക്ക് ആദ്യം ഒരു നഴ്സ് വന്ന് കുത്തിവയ്പ്പ് എടുത്തു. പത്ത് മിനിട്ടിനു ശേഷം വന്ന മറ്റൊരു നഴ്സ്, ഒരു കുത്തിവയ്പ്പ് എടുത്തതായി പറഞ്ഞിട്ടും അത് കാര്യമാക്കാതെ വീണ്ടും കുത്തിവയ്പ്പ് നൽകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. പിന്നാലെ ഛർദ്ദിയും നെഞ്ചുവേദനയുമുണ്ടായി. ആശുപത്രി ആംബുലൻസിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. കുട്ടിയ ആദ്യം എമർജൻസി ഐ.സി.യുവിലും പിന്നാലെ ക്രിട്ടിക്കൽ കെയർ ഐ.സി.യു വെന്റിലേറ്ററിലുമാക്കി. അണുബാധയും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുമാണ് കുട്ടിക്കുള്ളതെന്ന് എസ്.എ.ടി ആശുപത്രി അധികൃതർ അറിയിച്ചു. ബന്ധുക്കൾ ഉടൻ രേഖാമൂലം പരാതി നൽകും. സംഭവം പുറത്തുവന്നതോടെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ആശുപത്രി സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു.
Source link