ഉറ്റവരില്ലാത്ത പ്രേതഭൂമിയിലേക്ക്… ഹൃദയം തകർന്ന് ഹർഷ ഇന്ന് പറന്നിറങ്ങും
മേപ്പാടി: ഹർഷ ഇന്ന് കൊച്ചിയിൽ പറന്നിറങ്ങും, ചൂരൽമലയിലെങ്ങാനും അച്ഛന്റേയും അമ്മയുടേയും ബന്ധുക്കളുടേയും ജീവന്റെ തുടിപ്പുണ്ടോയെന്നറിയാൻ. ദുരിതത്തിലാണ്ട വീടിനെ കരകയറ്റാൻ അഞ്ചുമാസം മുമ്പ് യു.കെയിൽ നഴ്‌സായി പോയതാണവൾ.
ദുരന്തം തകർത്തെറിഞ്ഞ ചൂരൽമലയിലായിരുന്നു പി.ബി ഹർഷയുടെ കൃഷ്ണ നിവാസ് എന്ന വീട്. പുഴയെടുത്ത സ്‌കൂളിന് തൊട്ടടുത്ത്. വീട് പണയപ്പെടുത്തിയാണ് അച്ഛനും അമ്മയും തന്നെ വിദേശത്തയച്ചത്. ആ വീട് ഉരുളെടുത്തു. അച്ഛനും അമ്മയും കാണാമറയത്തായി. തൊട്ടടുത്ത് താമസിച്ചിരുന്ന അച്ഛന്റെ സഹോദരങ്ങളടക്കം ഏഴുപേരേയും മലവെള്ളം കൊണ്ടുപോയി. നാലുപേരുടെ മൃതദേഹം കിട്ടി. അച്ഛനും അമ്മയുമടക്കം മറ്റുള്ളവരെക്കുറിച്ച് ഒരു വിവരവുമില്ല. ശേഷിക്കുന്നത് കുഞ്ഞനിയത്തി സ്നേഹയും പ്രേതഭൂമിയായ നാടും മാത്രം.
അച്ഛൻ ബാലചന്ദ്രൻ ഹാരിസണിലെ തോട്ടം തൊഴിലാളി ആയിരുന്നു. അമ്മ അജിത. പട്ടിണിയിലും കളിയും ചിരിയുമായി ജീവിച്ചു.
കോഴിക്കോട് ലക്ഷ്യയിൽ പഠിക്കാൻ പോയതിനാൽ സ്നേഹയും യു.കെയിലായതിനാൽ ഹർഷയും രക്ഷപ്പെട്ടെന്ന് ബാലചന്ദ്രന്റെ സഹോദരിയുടെ മകൻ പ്രശോഭ് പറഞ്ഞു.
‘ തറവാട് പൊളിച്ച് വീട് പണിയുകയായിരുന്നു അവർ. തറകെട്ടി ചുമരിട്ടു. സാമ്പത്തിക പ്രതിസന്ധിയിലാണ് ഹർഷയെ യു.കെയിലേക്ക് അയച്ചത്. ഇരുവരും വാടകവീട്ടിലായിരുന്നു. കലിതുള്ളിയ പുഴ വാടക വീടടക്കം ഇരുവരേയും നിർമ്മാണത്തിലിരിക്കുന്ന വീടിനേയും കശക്കിയെടുത്തു. ബാലചന്ദ്രന്റെ മൂത്ത സഹോദരൻ ഭാസ്‌കരൻ, ഭാര്യ ശകുന്തള, മകൾ സൗഗന്ധിക, അവരുടെ കുട്ടി, മറ്റൊരു സഹോദരനായ വിജയൻ, ഭാര്യ ഷീല, മകൻ നിഖിൽ കൃഷ്ണ, എന്നിവരെയാണ് കാണാതായത്.
വയനാട്ടിൽ ഉരുൾപൊട്ടിയെന്ന വാർത്തയാണ് ആദ്യം ഹർഷ അറിഞ്ഞത്. തുടരെത്തുടരെ വിളിച്ചപ്പോൾ വീട് പോയതും അച്ഛനേയും അമ്മയേയും ബന്ധുക്കളേയും കാണാതായതും പറയേണ്ടിവന്നു.’ – പ്രശോഭ് പറഞ്ഞു.
Source link