ഈ സിസ്റ്റർ ശബ്ദമില്ലാത്തവർക്ക് അഭയം
കൊച്ചി: സിനിമാസെറ്റിലോ കോടതിമുറിയിലോ നിന്ന് ആംഗ്യം കാട്ടുന്ന കന്യാസ്ത്രീയെ കണ്ടാൽ അദ്ഭുതപ്പെടേണ്ട. അത് ആംഗ്യഭാഷയിൽ താരമൂല്യം സ്വന്തമാക്കിയ സിസ്റ്റർ അഭയ (54)യാവും. മാണിക്കമംഗലം സെന്റ് ക്ലെയർ ബധിരവിദ്യാലയമെന്ന എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പൽ.
സിനിമയിലെ മൂക കഥാപാത്രങ്ങളെ ആംഗ്യഭാഷ പഠിപ്പിക്കാനും ബധിരരുടെ വാദങ്ങൾ കോടതിയിൽ വ്യാഖ്യാനിക്കാനുമെല്ലാം സിസ്റ്ററുണ്ടാകും. കക്ഷികൾ ആംഗ്യത്തിൽ ഉന്നയിക്കുന്ന വാദങ്ങൾ സിസ്റ്റർ കോടതി മുമ്പാകെ വിവരിക്കും. മഞ്ഞപ്ര തവളപ്പാറ തിരുത്താനത്തിൽ ഔസേഫ്‌കുട്ടി – മേരി ദമ്പതികളുടെ അഞ്ചു മക്കളിൽ രണ്ടാമത്തെയാളാണ് സിജി.
എം.എ, എം.എഡ് ബിരുദധാരിയായ സിസ്റ്റർ ഇന്ത്യൻ സൈൻ ലാംഗ്വേജിൽ മദ്രാസ് സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് കോഴ്സും എം.ജി. സർവകലാശാലയിൽ നിന്ന് പി.ജി ഡിപ്ലോമയും നേടി. 32 വർഷമായി, സെന്റ് ക്ലെയർ സ്കൂളിന്റെ തുടക്കം മുതൽ അവിടെ അദ്ധ്യാപികയാണ്. നാലു കുട്ടികളുമായി തുടങ്ങിയ വിദ്യാലയത്തിൽ ഇന്ന് 245 വിദ്യാർത്ഥികളുണ്ട്. ബധിരമൂകരടക്കം 40 അദ്ധ്യാപകരും. എൽ.കെ.ജി മുതൽ ബധിരർക്കുള്ള ബിരുദ കോഴ്സുകൾ വരെ പഠിപ്പിക്കുന്നു.
ആംഗ്യഭാഷയും വിവരണവുമായി ബൈബിളിന്റെ ആദ്യമലയാള വ്യാഖ്യാനം നിർവഹിച്ചത് സിസ്റ്റർ അഭയയാണ്. ബധിരർക്കായി മാർപാപ്പയുടെ ചാക്രിക ലേഖനങ്ങളുടെ വിവരണവും നിർവഹിക്കുന്നു. ബധിരവിദ്യാലയങ്ങൾക്കായി എസ്.സി.ഇ.ആർ.ടി നിയോഗിച്ച റിസോഴ്സ് പേഴ്സൺ കൂടിയാണ് സിസ്റ്റർ അഭയ.
സിനിമയ്‌ക്ക് ആംഗ്യസഹായം
‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ” സിനിമയിൽ ജയസൂര്യയ്ക്കും ‘സ്പിരിറ്റി”ൽ മോഹൻലാലിന്റെ മകനായി അഭിനയിച്ച പയ്യനും ‘ചെന്നൈയിൽ ഒരുനാളി”ൽ പാർവതി തിരുവോത്തിനും ആംഗ്യഭാഷാ ഡയലോഗുകൾ പഠിപ്പിച്ചത് സിസ്റ്റർ അഭയയാണ്. മണിരത്നത്തിന്റെ ‘രാവണി”ൽ അതിഥിതാരത്തെയും പഠിപ്പിച്ചു. തിരക്കഥയുമായി പാർവതി രണ്ടാഴ്ച ഒപ്പം താമസിച്ചാണ് ആംഗ്യഭാഷ മനസിലാക്കിയത്. ലൊക്കേഷനുകളിൽ നേരിട്ടുപോയും ‘ഡയലോഗ്” കാണിച്ചുകൊടുക്കാറുണ്ട്.
Source link