തമിഴ്നാട് അതിർത്തി കടന്ന് കേരളത്തിലേക്ക്, വിശ്വസിച്ച് ഓണസദ്യയുണ്ടാക്കുന്ന മലയാളികൾക്ക് മഹാരോഗം ഉറപ്പ്
കോട്ടയം: എങ്ങനെ വിശ്വസിച്ച് കഴിക്കും. കറിപ്പൊടികളിലും, മസാലക്കൂട്ടുകളിൽ പോലും മായം. ചേർക്കുന്നതാകട്ടെ മാരക രാസവസ്തുക്കൾ. തടികേടാകാൻ ഇതിൽപ്പരം എന്ത് വേണം. എന്നിട്ടും പേരിന് പോലും പരിശോധനയില്ല. ഓണവിപണി ലക്ഷ്യമിട്ടാണ് വ്യാപകമായം ചേർക്കലെന്നാണ് ആക്ഷേപം. കേടാകാതിരിക്കാനും, തൂക്കം കൂട്ടാനുമാണ് ഇങ്ങനെ ചെയ്യുന്നത്.
ബൈപെന്ത്രിൻ, ക്ലോപെരിപോസ്, ട്രയോനോഫോസ്, ക്വിനോൻഫോസ്, എത്തിയോൺ തുടങ്ങിയവയാണ് കറിപ്പൊടികൾ കേടാകാതിരിക്കാൻ കലർത്തുന്നത്. തലച്ചോറും വൃക്കയും തകരാറിലാക്കാനും ക്യാൻസർ പിടിപെടാനും ഇത് ഇടവരുത്തും. മുളക് പൊടിയിൽ ഇഷ്ടികപ്പൊടി, അറക്കപ്പൊടി, ഉമി പൊടിച്ചത് എന്നിവയും ചുവന്ന നിറം ലഭിക്കാൻ സുഡാൻ,ഓറഞ്ച് എന്നീ കൃത്രിമനിറങ്ങളായ രാസവസ്തുക്കളാണ് ചേർക്കുന്നത്. ഇവ എണ്ണയിൽ അലിയുന്നതിനാൽ വേഗം കണ്ടുപിടിക്കാനാകില്ല.
മഞ്ഞളിൽ നിറവും തൂക്കവും ലഭിക്കാനായി ലെഡ് ക്രോമേറ്റ്, ചോളപ്പൊടി എന്നിവയും മല്ലിപ്പൊടിയിൽ അറക്കപ്പൊടി, ചാണകപ്പൊടി, എസൻസ് നീക്കിയ മല്ലി പൊടിച്ചും ചേർക്കുന്നു. സാമ്പാർ പൊടി, മസാലപ്പൊടി എന്നിവയിൽ തവിട് പൊടിച്ചും നിറചേർത്ത സ്റ്റാർച്ച് എന്നിവയും ചേർക്കുന്നുണ്ട്.
പേരിൽ മാത്രം നാടൻ, ഗുണനിലവാരം ഇല്ലേയില്ല
തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരമില്ലാത്ത മുളക്, മഞ്ഞൾ, മല്ലിപ്പൊടി തുടങ്ങിയവ പൊടികളാക്കി ലേബലും ഡേറ്റും ഇല്ലാതെ നാടൻ ഇനങ്ങളെന്ന പേരിൽ പായ്ക്കറ്റുകളിലാക്കി വിൽക്കുകയാണ്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതെന്നാണ് വാദം. മായമെന്ന പരാതിയിൽ ചില കമ്പനികളുടെ പൊടികൾ വിപണിയിൽ നിന്ന് നീക്കംചെയ്തിരുന്നു. ഇത് മറയാക്കി നിരവധിപ്പേരാണ് നാടൻ പൊടികളുമായി കളംപിടിച്ചത്.
ഗുണനിലവാരം ഉൾപ്പെടെ പരിശോധിക്കുന്നതിന് ഭക്ഷസുരക്ഷാ വകുപ്പ് സമിതിയുണ്ടെങ്കിലും പ്രവർത്തനം നിർജീവമാണ്. എം.ആർ.പി ഈടാക്കാതെ കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള സാധനം എന്ന പേരിലാണ് വില്പന പൊടിപൊടിക്കുന്നത്.
ഒരു കിലോ മുളക് പൊടി : 560 രൂപ
പിരിയൻ മുളക് പൊടി : 800 രൂപ
”സീസൺ കാലയളവിൽ മാത്രമാണ് ജില്ലയിൽ പരിശോധന നടത്തുന്നത്. ഓണവിപണി അടുക്കുന്ന സമയമാണ്. മായം കലർന്ന പൊടികളുടെ വിപണനം തടയുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗം, അളവ് തൂക്ക വിഭാഗം എന്നിവർ സംയുക്ത പരിശോധന നടത്തണം.
(എബി ഐപ്പ്, ജില്ലാ ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം).
Source link