CINEMA

സർക്കാർ ചെലവിട്ട് ഒരു കോടിയിലേറെ, സിനിമയിലെ മുഴുവൻ സ്ത്രീകൾക്കും നീതിവേണം: ഡബ്ല്യുസിസി

സർക്കാർ ചെലവിട്ട് ഒരു കോടിയിലേറെ, സിനിമയിലെ മുഴുവൻ സ്ത്രീകൾക്കും നീതിവേണം: ഡബ്ല്യുസിസി | WCC Hema Committee Report

സർക്കാർ ചെലവിട്ട് ഒരു കോടിയിലേറെ, സിനിമയിലെ മുഴുവൻ സ്ത്രീകൾക്കും നീതിവേണം: ഡബ്ല്യുസിസി

മനോരമ ലേഖകൻ

Published: August 02 , 2024 12:37 PM IST

2 minute Read

ഹേമ കമ്മിറ്റി റിപ്പോർ‍ട്ട് പുറത്തുവിടാത്തതിൽ സർക്കാരിനും സിനിമാ സംഘടനകൾക്കുമെതിരേ രൂക്ഷ വിമർശവുമായി സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കലക്ടീവ്. റിപ്പോർട്ട് വൈകാനിടയാക്കുന്നത് കൊടിയ നീതി നിഷേധമാണെന്നും ഭരണഘടന അനുശാസിക്കുന്ന നീതിനിർവഹണത്തിലെ ലംഘനമാണെന്നും ഡബ്ല്യുസിസി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 
‘‘വയനാടിന്റെ ദുരന്തം ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് നമ്മൾ ഇനിയും മുക്തരായിട്ടില്ല. അതിനിടയിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുന്നതിനെതിരെ ഒരു പ്രൊഡ്യൂസർ നൽകിയ സ്റ്റേ വീണ്ടും അടുത്ത മാസം ആറാം തീയതി വരെ നീട്ടിയത്. സമാനതകളിലാത്ത ഈ ദുരിത സാഹചര്യത്തിലാണെങ്കിലും ഇതേ കുറിച്ച് ചിലത് പറയാതിരിക്കാനാവില്ല. നിയമം ഉണ്ട് എന്നത് സ്ത്രീയ്ക്ക് നീതി കിട്ടും എന്നതിൻ്റെ ഉറപ്പല്ല. നീതിക്കായുള്ള പോരാട്ടം പിന്നെയും ഒരു വലിയ കടമ്പയാണ്. സിനിമയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് ഇരട്ടി ദൂരം സഞ്ചരിക്കലാണ്. നീതി കിട്ടുന്നു എന്ന പ്രതീതി മാത്രമാണ് അവർക്കായി ബാക്കി നിൽക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നിട്ട് വരുന്ന ഡിസംബറിൽ അഞ്ചു വർഷം തികയും. റിപ്പോർട്ട് പുറത്തു കൊണ്ടുവരാനോ അത് നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാനോ കേരളത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനായി മുന്നിട്ടിറങ്ങാൻ സർക്കാറോ സിനിമയിൽ ആധിപത്യം വഹിക്കുന്ന സംഘടനകളോ തയാറുമല്ല.

സിനിമയിലെ തൊഴിലിടങ്ങളിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് നീതി ലഭ്യമാക്കുന്ന കാര്യത്തിൽ കേരളം എന്തു വലിയ പരാജയമാണ് എന്ന് ഈ കാത്തിരുപ്പ് ഓർമിപ്പിക്കുന്നു. നീതിശൂന്യമായ ഈ കാത്തിരിപ്പിന് ഒരു പരിഹാരമായാണ് ആരുടെയും സ്വകാര്യത ലംഘിക്കാത്ത രീതിയിൽ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടണം എന്ന വിവരാവകാശ കമ്മീഷന്റെ നിർദ്ദേശം. അന്യായങ്ങൾ ചെയ്തവരെ അത് സുരക്ഷിതരാക്കി നിർത്തുന്നു. എന്നാൽ അത് പോലും നിയമക്കുരുക്കിലേക്ക് കൊണ്ടു പോയി, റിപ്പോർട്ട് പുറത്തു വരുന്നത് തടഞ്ഞു നിർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ നിയമക്കുരുക്ക് സിനിമയിലെ മുഴുവൻ സ്ത്രീകൾക്കുമേലും പതിച്ച നീതി നിഷേധത്തിന്റെ കുരുക്കാണ്. 

അതിൽ നിന്നും പുറത്തുകടന്ന് സ്ത്രീകൾക്ക് നീതി ലഭ്യമാക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം സർക്കാറിനാണ്. ഈ കുരുക്കഴിക്കുക എന്നത് ഡബ്യുസിസിയുടെ മാത്രം കാര്യമാണ് എന്ന മട്ടിൽ മൗനം പൂണ്ടിരിക്കുകയാണ് സിനിമയിലെ സംഘടനകൾ. അവർക്കും ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിത്വമാണുള്ളത്. സിനിമയിലെ മഹാഭൂരിപക്ഷം പ്രവർത്തകരെയും തങ്ങളുടെ കുടക്കീഴിൽ അണിനിരത്തിയിട്ടുള്ള ഈ സംഘടനാ സംവിധാനങ്ങൾ ഈ വിഷയത്തിൽ എടുത്തിരിക്കുന്ന മൗനം അന്യായമാണ്. സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും താല്പര്യങ്ങൾക്കും വിരുദ്ധമാണത്. സിനിമ നിയമവിധേയമായ ഒരു പ്രവർത്തന മണ്ഡലമായി മാറ്റിയെടുക്കാൻ ഈ സംഘടനകളുടെ നിഷേധാത്മക നിലപാട് ഇന്നൊരു തടസ്സമാണ്. അവരത് മാറ്റിയേ തീരൂ. 

റിപ്പോർട്ട് പുറത്തു കൊണ്ടുവരുന്ന വിഷയത്തിൽ സർക്കാർ ഇക്കാലമത്രയും കൈക്കൊണ്ട നിലപാടുകൾ തീർത്തും നിഷേധാത്മകമാണ്. വിവരാവകാശ കമ്മീഷൻ അത് പുറത്തു കൊണ്ടുവരുവാൻ ഉത്തരവിട്ടപ്പോഴും അത് ഉറപ്പു വരുത്തുന്ന കാര്യത്തിൽ സർക്കാർ ജാഗ്രത കാട്ടിയിട്ടില്ല. അത് സ്റ്റേ ചെയ്യുന്നതിലേക്ക് എത്തിയപ്പോഴും അത് നീക്കം ചെയ്യാൻ സർക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടൽ ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ കാര്യമല്ല, കോടതിക്കാര്യമാണ് എന്ന നിഷേധാത്മക നിലപാടാണ് സർക്കാർ എടുത്തതായി കാണുന്നത്. സർക്കാർ ഈ നിലപാട് തിരുത്തണം. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു കൊണ്ടു വരികയും അതിന്മേൽ നടപടികൾ ഉണ്ടാവുകയും വേണം. അത് വൈകാനിടയാക്കുന്നത് കൊടിയ നീതി നിഷേധമാണ്. ഭരണഘടന അനുശാസിക്കുന്ന നീതിനിർവഹണത്തിലെ ലംഘനമാണ്. 
ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഈ അന്വേഷണങ്ങൾ അത്രയും നടന്നത്. സംസ്ഥാന സർക്കാർ അതിനായി ഒരു കോടിയിലേറെ രൂപ ചിലവിട്ടിട്ടുണ്ട്. അത് എന്തിന് വേണ്ടിയായിരുന്നു എന്ന് എല്ലാവർക്കും ഓർമകൾ ഉണ്ടായിരിക്കേണ്ടതുണ്ട്. അത് പാഴായിപ്പോകാതിരിക്കാനുള്ള  ഉത്തരവാദിത്വം നിറവേറ്റപ്പെടേണ്ടതുണ്ട്. നീതിപൂർണമായ തൊഴിലിടം ഉറപ്പുവരുത്താൻ സർക്കാറിൽ വിശ്വാസമർപ്പിച്ച് കാത്തിരിക്കുന്ന സ്ത്രീ സമൂഹത്തിനായി അടിയന്തരമായി ഇടപെടേണ്ടതുണ്ട് എന്ന് ഡബ്ല്യുസിസി ആവശ്യപ്പെടുന്നു.’’

English Summary:
WCC Slams Government and Film Bodies for Suppressing Crucial Hema Report

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-wcc 2kfumuh64fpflo1ala9t474589 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button