കർത്തവ്യം മറക്കരുതെന്ന് ഉത്തമസചിവൻ
കർത്തവ്യം മറക്കരുതെന്ന് ഉത്തമസചിവൻ | Sugriva: Fulfilling Royal Duties as Directed by Sri Rama
കർത്തവ്യം മറക്കരുതെന്ന് ഉത്തമസചിവൻ
എം.കെ.വിനോദ് കുമാർ
Published: August 02 , 2024 09:00 AM IST
1 minute Read
ശ്രീരാമൻ മൂലമുണ്ടായ ശ്രേയസ്സുകൾ ഓരോന്നായി സുഗ്രീവനെ ഓർമപ്പെടുത്തുന്നു ഹനുമാൻ
ജാനകി ജീവനോടെയുണ്ടോ എന്നുപോലും നിശ്ചയമില്ലല്ലോ എന്ന് ലക്ഷ്മണനോടു സങ്കടം പറയുകയാണ് ജ്യേഷ്ഠൻ
രാജോചിതമായ രീതിയിലാണ് ശ്രീരാമനിർദേശപ്രകാരം സുഗ്രീവൻ അംഗദനെയും കൂട്ടി ബാലിയുടെ സംസ്കാരവും മരണാനന്തരകർമങ്ങളും ചെയ്യുന്നത്.‘‘രാജ്യാധിപത്യം നിനക്കുതന്നേനിനിപൂജ്യനായ് ചെന്നഭിഷേകവും കഴിക്ക നീ’’ എന്നു ശ്രീരാമൻ. അംഗദനെ യുവരാജാവായി അഭിഷേകം ചെയ്യിക്കയും വേണം. സുഗ്രീവരാജ്യാഭിഷേക ചുമതല ലക്ഷ്മണനാണ്. പർവതമുകളിൽ ചതുർമാസ വ്രതാനുഷ്ഠാനത്തിന് ഒരുങ്ങുകയാണ് ശ്രീരാമചന്ദ്രൻ. അതുവരെ സുഗ്രീവന് കുടുംബത്തോടൊപ്പം സുഖവാസം. ദേവൻ തിരികെയെത്തുമ്പോഴേക്കും സീതയെപ്പറ്റിയുള്ള വിവരങ്ങൾ അറിഞ്ഞുവയ്ക്കുകയും വേണം. സുഗ്രീവാഭിഷേകശേഷം എത്തുന്ന ലക്ഷ്മണനെയും കൂട്ടി ശ്രീരാമചന്ദ്രൻ പ്രവർഷണപർവതത്തിനു മുകളിലേക്കു യാത്രയായി.
രത്നാലംകൃതവും സ്വർണമയവുമായ ആ പ്രദേശത്ത് ഭഗവൽസാന്നിധ്യം അറിഞ്ഞ് സിദ്ധയോഗീന്ദ്രാദികൾ പക്ഷികളുടെയും മൃഗങ്ങളുടെയും രൂപത്തിലെത്തി വാസം തുടങ്ങി. ലക്ഷ്മണന് ക്രിയാമാർഗോപദേശം നൽകുന്നത് ഇവിടെവച്ചാണ്. പൂജാകർമങ്ങൾ, അനുഷ്ഠാനങ്ങൾ, അവയിൽ പുലർത്തേണ്ട സങ്കൽപങ്ങൾ, ഉപാസനാരീതികൾ തുടങ്ങിയവയെല്ലാം ഇവിടെ ചർച്ചചെയ്യപ്പെടുന്നു.
ഇതേസമയം കിഷ്കിന്ധയിൽ, തന്റെ രാജാവ് കർത്തവ്യം മറക്കുന്നുവോ എന്ന് ഹനുമാനു സന്ദേഹം. ശ്രീരാമൻ മൂലമുണ്ടായ ശ്രേയസ്സുകൾ ഓരോന്നായി സുഗ്രീവനെ ഓർമപ്പെടുത്തുന്നു ഹനുമാൻ. പ്രത്യുപകാരം മറക്കുന്നയാൾ ചത്തതിനൊക്കും ജീവിച്ചിരുന്നാലും. ഇങ്ങനെയൊക്കെ പറഞ്ഞുതരുന്ന മന്ത്രിയുണ്ടെങ്കിൽ രാജാവിനൊരിക്കലും ആപത്തുണ്ടാകില്ലെന്ന് സുഗ്രീവൻ. ഏഴു ദ്വീപുകളിലും ഉള്ള സകല വാനരരെയും ഉടൻ കൂട്ടിക്കൊണ്ടുവരാൻ ആജ്ഞ പോകുന്നു. ഹനുമാന്റെ ഉപദേശം നിസ്സാരമായല്ല രാജാവു കാണുന്നത്.
ജാനകി ജീവനോടെയുണ്ടോ എന്നുപോലും നിശ്ചയമില്ലല്ലോ എന്ന് ലക്ഷ്മണനോടു സങ്കടം പറയുകയാണ് ജ്യേഷ്ഠൻ. മനസ്സുപൊള്ളി അവൾ എവിടെയായിരിക്കും ജീവിച്ചിരിപ്പുണ്ടാവുക? എവിടെയായാലും അറിഞ്ഞാലുടൻ അവിടെയെത്തി കൂട്ടിക്കൊണ്ടുവരും ഞാൻ.സുഗ്രീവന്റെ പക്ഷത്തുനിന്ന് സന്ദേശമേതും എത്താത്തിലും ഖിന്നനാണ് രാമൻ. ചെയ്തുകൊടുത്ത ഉപകാരങ്ങളെല്ലാം അയാൾ മറന്നുവോ?ആജ്ഞ നൽകിയാൽ അവനെ വധിച്ചുവരാമെന്ന് ലക്ഷ്മണൻ. അതുവേണ്ട, ബാലിയെപ്പോലെ നിനക്കും കാലപുരിക്കു പോകാം എന്നുപറഞ്ഞു ഭയപ്പെടുത്തിയാൽ മതിയെന്നും സുഗ്രീവൻ വധിക്കപ്പെടേണ്ടവനല്ലെന്നും ശ്രീരാമചന്ദ്രൻ പറയുന്നു.
കോപാകുലനായി ലക്ഷ്മണൻ എത്തിയതറിയുമ്പോൾ അനുനയിപ്പിക്കാൻ സുഗ്രീവൻ ആശ്രയിക്കുന്നതും ഹനുമാനെത്തന്നെ. അംഗദനെയും ഹനുമാനെയും ലക്ഷ്മണനരികിലേക്ക് അയച്ചതിനു പിന്നാലെ അനുനയത്തിനായി പത്നി താരയെയും നിയോഗിക്കുന്നു സുഗ്രീവൻ.സുഗ്രീവനു മുന്നിലെത്തുമ്പോഴും ലക്ഷ്മണൻ ശാന്തനായിട്ടില്ല. എല്ലാം മറക്കാൻ എങ്ങനെ കഴിഞ്ഞെന്ന കുറ്റപ്പെടുത്തലോടെയാണ് സൗമിത്രി സംസാരിച്ചുതുടങ്ങുന്നത്. രാമലക്ഷ്മണന്മാരിലുള്ള സുഗ്രീവന്റെ ഭക്തി വ്യക്തമാക്കുന്ന ഹനുമാൻ, വാനരന്മാരെയെല്ലാം വരുത്തിയിരിക്കുന്നത് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. പരുഷം പറഞ്ഞതിൽ ലജ്ജ തോന്നുന്നു ലക്ഷ്മണൻ.
English Summary:
Sugriva: Fulfilling Royal Duties as Directed by Sri Rama
30fc1d2hfjh5vdns5f4k730mkn-list 1b48aujthakkab1doocb02jg4s vinodkumar-m-k mo-astrology-ramayana-kanda mo-religion-ramayana-month-2024 7os2b6vp2m6ij0ejr42qn6n2kh-list mo-religion-ramayana-masam-2024 mo-astrology-ramayana-parayanam
Source link