ജറൂസലെം: ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫ് കഴിഞ്ഞ മാസം ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രേലി സൈന്യം അറിയിച്ചു. ഖാൻ യൂനിസ് മേഖലയിൽ ജൂലൈ 13നു നടന്ന ആക്രമണത്തിലാണ് ദെയ്ഫ് കൊല്ലപ്പെട്ടത്. ഇസ്രേലി ആക്രമണത്തിൽ ദെയ്ഫ് ഉൾപ്പെടെ 90 പേരാണു കൊല്ലപ്പെട്ടത്. അതേസമയം, ദെയ്ഫിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു മുഹമ്മദ് ദെയ്ഫ്. 1200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ഭീകരർ ബന്ദിയാക്കുകയും ചെയ്തു. ദെയ്ഫിന്റെ മരണം ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിൽ നിർണായകമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവാവ് ഗാലന്റ് പറഞ്ഞു. “ഹമാസ് ശിഥിലമാകുകയാണ്. കീഴടങ്ങുകയാണ് ഹമാസ് തീവ്രവാദികൾക്കുള്ള ഏക മാർഗം. അല്ലെങ്കിൽ അവരെ തുടച്ചുനീക്കും”-ഗാലന്റ് കൂട്ടിച്ചേർത്തു.
ഹമാസിന്റെ സൈനികവിഭാഗമായ ഇസെദിൻ അൽ-ഖാസം ബ്രിഗേഡ്സിന്റെ തലവനായിരുന്നു മുഹമ്മദ് ദെയ്ഫ്. ഇസ്രയേലിന്റെ ഏഴ് ആക്രമണങ്ങളെ ഇയാൾ അതിജീവിച്ചു. 1965ൽ ഖാൻ യൂനിസിലെ അഭയാർഥി ക്യാന്പിലാണ് ദെയ്ഫ് ജനിച്ചത്. അക്കാലത്ത് ഖാൻ യൂനിസ് ഈജിപ്റ്റിന്റെ നിയന്ത്രണത്തിലായിരുന്നു. 1980കളിൽ ദെയ്ഫ് ഹമാസിൽ ചേർന്നു. 1996ൽ നൂറുകണക്കിന് ഇസ്രേലികൾ കൊല്ലപ്പെട്ട ബസ് ബോംബാക്രമണം ആസൂത്രണം ചെയ്തത് ദെയ്ഫായിരുന്നു. ഇതുകൂടാതെ നിരവധി ഭീകരാക്രമണങ്ങളിലും ഇയാൾ പങ്കാളിയായി. 2000ൽ ദെയ്ഫ് ഹമാസിന്റെ സൈനിക മേധാവിയായി. 2014ൽ ദെയ്ഫിനെ ലക്ഷ്യമിട്ട് ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ ഭാര്യയും കുഞ്ഞും മരിച്ചു. ആ സമയം ദെയ്ഫ് അവിടെയുണ്ടായിരുന്നില്ല.
Source link