പാരീസ്: ബാഡ്മിന്റണിലൂടെ മെഡൽ ലക്ഷ്യമിട്ട ഇന്ത്യക്ക് ആശ്വാസവും നിരാശയും. ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയെ കീഴടക്കി ലക്ഷ്യ സെൻ ക്വാർട്ടറിൽ പ്രവേശിച്ചു. സെമിയിൽ എത്തിയാൽ വെങ്കല മെഡൽ ഉറപ്പിക്കാം. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നിന് ഒരു ജയം അകലെ മെഡൽ ഉറപ്പാണ്. പ്രീക്വാർട്ടറിൽ എച്ച്.എസ്. പ്രണോയിയെ നേരിട്ടുള്ള ഗെയിമിനാണ് ലക്ഷ്യ തകർത്തത്. 21-12, 21-6 എന്ന സ്കോറിൽ ലക്ഷ്യക്കു മുന്നിൽ പ്രണോയ് അടിയറവുപറഞ്ഞു. ഇന്നു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ചൗ ടീൻ ചെന്നാണ് ലക്ഷ്യയുടെ എതിരാളി. ഇന്ത്യൻ സമയം ഇന്നു വൈകുന്നേരം 6.30നാണ് ക്വാർട്ടർ പോരാട്ടം.
അതേസമയം, സെമിയിലെത്തി മെഡൽ ഉറപ്പിക്കാൻ തയാറെടുത്ത ഇന്ത്യൻ പുരുഷ ഡബിൾസ് സഖ്യമായ സാത്വിക്സായ്രാജ് – ചിരാഗ് ഷെട്ടി പുറത്തായത് തിരിച്ചടിയായി. ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ പുറത്തായത്. മലേഷ്യയുടെ ആരോണ്‍ ചിയ – സോഹ് വൂയി യിക് കൂട്ടുകെട്ട് പിന്നിൽനിന്നെത്തി സെമിയിലേക്ക് മുന്നേറി മെഡൽ ഉറപ്പിച്ചു. സ്കോർ: 21-13, 14-21, 16-21. വനിതകളുടെ സിംഗിൾസ് പ്രീക്വാർട്ടറിൽ സിന്ധു പുറത്തായി. ചൈനയുടെ ഹെ ബിങ്ജിയാവോയോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധുവിന്റെ തോൽവി. 21-19, 21-14നാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്. ഒരു ദിവസം തന്നെ ബാഡ്മിന്റണിലെ രണ്ടു മെഡൽ പ്രതീക്ഷകളാണ് തകർന്നത്.
Source link