പാരീസ്: പുരുഷ-വനിതാ 20 കിലോമീറ്റർ നടത്തത്തോടെ ഇന്നലെ ആരംഭിച്ച പാരീസ് ഒളിന്പിക്സ് അത്ലറ്റിക്സ് പോരാട്ടങ്ങൾക്ക് ഇന്നു ചൂടേറും. വനിതാ 100 മീറ്റർ ഹീറ്റ്സ് ഉൾപ്പെടെയുള്ള തീപ്പൊരി പോരാട്ടങ്ങൾ ഇന്നു നടക്കും. ടോക്കിയോ 2020 ഒളിന്പിക്സിൽ വനിതാ വിഭാഗം 100 മീറ്റർ വെങ്കല മെഡൽ ജേതാവായ ജമൈക്കയുടെ ഷെറിക്ക ജാക്സണ് ഇത്തവണ 100 മീറ്റർ പോരാട്ടവേദിയിലില്ല. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ഷെറിക്ക, 200 മീറ്ററിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാണ് 100 മീറ്ററിൽനിന്ന് വിട്ടുനിൽക്കുന്നത്. കോച്ചിന്റെ നിർദേശമനുസരിച്ചാണ് തീരുമാനമെന്ന് ഷെറിക്ക വ്യക്തമാക്കി. വനിതാ 100 മീറ്റർ ഹീറ്റ്സ് ഇന്ത്യൻ സമയം ഇന്നുച്ചകഴിഞ്ഞ് 3.20നാണ് ആരംഭിക്കുക. അതിനു മുന്പ് 2.05 മുതൽ പ്രിലിമിനറി റൗണ്ട് അരങ്ങേറും. സെമി ഫൈനൽ നാളെയും ഫൈനൽ ഞായർ പുലർച്ചെ 12.50നുമാണ്. പുരുഷ 100 മീറ്ററിന്റെ പ്രാഥമിക റൗണ്ടും ഹീറ്റ്സും നാളെ നടക്കും. പുരുഷ 100 മീറ്റർ ഫൈനൽ തിങ്കൾ പുലർച്ചെ 1.20നാണ്.
അത്ലറ്റിക്സിൽ പുരുഷ ഡെക്കാത്തലണ്, ഹാമർത്രോ, വനിതാ ഹൈജംപ്, ട്രിപ്പിൾജംപ്, ഡിസ്കസ്ത്രോ, പുരുഷ 1500 മീറ്റർ, വനിതാ 500 മീറ്റർ, മിക്സഡ് 4 x 400 റിലേ, വനിതാ 800 മീറ്റർ, പുരുഷ ഷോട്ട്പുട്ട് പോരാട്ടങ്ങളും ഇന്നു നടക്കും. അങ്കിത, പരുൾ, തജീന്ദർ അത്ലറ്റിക്സിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇന്നു കളത്തിലുണ്ട്. വനിതാ 5000 മീറ്റർ ഹീറ്റ്സിൽ ഇന്ത്യയുടെ അങ്കിത ധ്യാനി, പരുൾ ചൗധരി എന്നിവർ ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 9.40നാണ് 5000 മീറ്റർ ഹീറ്റ്സ് ആരംഭിക്കുക. പുരുഷ വിഭാഗം ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിംഗ് തോർ ഫീൽഡിലുണ്ട്. ഇന്ത്യൻ സമയം രാത്രി 11.40നാണ് പുരുഷ ഷോട്ട്പുട്ട് പോരാട്ടം.
Source link