ലോട്ടറിയെടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, ഏജന്റുമാരുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ വില തത്കാലം കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ സംസ്ഥാനത്ത് ആറ് ദിവസങ്ങളിലായി നറുക്കെടുപ്പ് നടത്തുന്ന ലോട്ടറി ടിക്കറ്റുകള്‍ക്ക് വില 40 രൂപ വീതവും ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്ക് 50 രൂപയുമാണ് ടിക്കറ്റ് വില. ലോട്ടറി ടിക്കറ്റുകളുടെ വില ഏകീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ ടിക്കറ്റിനും 50 രൂപ ആക്കി ഉയര്‍ത്താനായിരുന്നു ആലോചന. എന്നാല്‍ ലോട്ടറി ഏജന്റുമാരുടെ എതിര്‍പ്പ് കണക്കിലെടുത്താണ് തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയത്.
മുമ്പ് 30 രൂപയായിരുന്ന ടിക്കറ്റ് വിലയാണ് 40 ആക്കി ഉയര്‍ത്തിയത്. ഈ നടപടിക്ക് പിന്നാലെ സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പനയില്‍ കാര്യമായ കുറവ് സംഭിച്ചിരുന്നു. കുറച്ച് കാലത്തിന് ശേഷമാണ് 40 രൂപ മുടക്കി ടിക്കറ്റ് എടുക്കാന്‍ കൂടുതല്‍ ആളുകള്‍ തയ്യാറായത്. 40 രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ ആളുകള്‍ പിന്‍മാറിയതിനെ തുടര്‍ന്നുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറുന്നതേയുള്ളൂവെന്നും 50 രൂപയാക്കി ഉയര്‍ത്തിയാല്‍ അത് വില്‍പ്പനയെ ബാധിക്കുമെന്നും ഏജന്റുമാര്‍ ചൂണ്ടിക്കാണിച്ചു.
ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന്റെ വില കുറയ്ക്കണമെന്ന ആവശ്യം പക്ഷേ സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഓണം ബമ്പറിന്റെ ഒന്നാം സമ്മാനത്തുക ഇക്കുറിയും 25 കോടി രൂപയായി തുടര്‍ന്നേക്കും. ടിക്കറ്റ് വിലയിലും മാറ്റമുണ്ടാകാനിടയില്ല. 500 രൂപയാകും വില. മുന്‍വര്‍ഷം റെക്കോഡ് വില്‍പ്പന നടന്നതിനാല്‍ ഇക്കുറി കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിക്കുന്ന കാര്യം പരിഗണനയിലുണ്ട്. കഴിഞ്ഞതവണ അച്ചടിച്ച 85 ലക്ഷം ടിക്കറ്റുകളില്‍ 75.76 ലക്ഷംടിക്കറ്റുകള്‍ വിറ്റുപോയിരുന്നു.
Source link