കൊച്ചി: പങ്കാളിയെ തുടർച്ചയായി അവഗണിക്കുന്നതും അസഹനീയമാം വിധം പെരുമാറുന്നതും വിവാഹമോചനത്തിന് ഉതകുന്ന ക്രൂരതയായി കണക്കാക്കാമെന്ന് ഹൈക്കോടതി. 14 വർഷമായി ഭർത്താവിൽ നിന്ന് വേർപിരിഞ്ഞു കഴിയുന്ന മാവേലിക്കര സ്വദേശിനിയുടെ വിവാഹമോചന ഹർജി തള്ളിയ ആലപ്പുഴ കുടുംബക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,ജസ്റ്റിസ് സി. പ്രതീപ്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിരീക്ഷണം. ഹർജിക്കാരിക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.
സംഭവിച്ചതെല്ലാം ദാമ്പത്യത്തിലെ സാധാരണ പ്രശ്നങ്ങളാണെന്നും യുവതിയെയും കുഞ്ഞിനെയും സ്വീകരിക്കാൻ എതിർകക്ഷിയായ ഭർത്താവ് തയാറായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബക്കോടതി വിവാഹമോചനം നിരാകരിച്ചത്. ഇത് തെറ്റായ തീരുമാനമാണെന്ന് ഹൈക്കോടതി വിലയിരുത്തി. സ്വതന്ത്രമായി ശബ്ദിക്കാൻ പോലും കഴിയാത്ത വിധമാണ് ഹർജിക്കാരി ഭർത്താവിനൊപ്പം 10 വർഷം കഴിഞ്ഞത്. 2010ൽ ഒരു ദിവസം മർദ്ദിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. ഒടുവിൽ യുവതി പിതാവിനൊപ്പം പോവുകയായിരുന്നു.
ദാമ്പത്യത്തിലെ ക്രൂരത എന്നത് കണക്കിലെ കൃത്യത പോലെ നിർവചിക്കാനാകില്ലെങ്കിലും ഈ കേസിൽ തെളിവുകൾ ശക്തമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭാര്യയും കുട്ടിയുമുള്ള യുവാവിനൊപ്പം 17-ാം വയസിൽ ഹർജിക്കാരി ഒളിച്ചോടുകയായിരുന്നു. 2005ൽ നിയമപരമായി വിവാഹം ചെയ്തു. കുഞ്ഞ് ജനിച്ചതിന് ശേഷം തുടർച്ചയായ അവഗണനയും പീഡനവുമാണ് നേരിട്ടെന്ന് യുവതി വാദിച്ചു. അതേസമയം, തന്നെ ആത്മഹത്യാ ഭീഷണി മുഴക്കി ഹർജിക്കാരി കുടുക്കിയതാണെന്നുള്ള ഭർത്താവിന്റെ വാദം ഹൈക്കോടതി തള്ളി.
Source link