നെഞ്ചുതകർന്ന്…രക്ഷാമുഖം ; വയനാട്ടിൽ മരണം 251 , കാണാമറയത്ത് 300 പേർ, 1500 പേരെ രക്ഷിച്ചു

കൽപ്പറ്റ: പ്രകൃതി താണ്ഡവമാടിയ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം ഇന്നലെ വൈകിട്ടോടെ 250 കടന്നു. തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ പൊതുസ്ഥലത്ത് ദഹിപ്പിക്കുന്ന കരളലിയിക്കുന്ന കാഴ്ചയാണ് വയനാട്ടിൽ. വീടും മണ്ണും സർവതും നഷ്ടപ്പെട്ടവരാണിവർ.
കുടുംബങ്ങൾ അപ്പാടെയാണ് തുടച്ചുമാറ്റപ്പെട്ടത്. മുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക വിവരം. പരിക്കേറ്റ 195 പേർ മേപ്പാടിയിലും പരിസരങ്ങളിലും ആശുപത്രികളിലുമുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. 117 പേരെ ചികിത്സയ്ക്ക് ശേഷം ക്യാമ്പുകളിലേക്ക് മാറ്റി.
കൂറ്റൻ പാറക്കല്ലുകൾ നിറഞ്ഞ, ചെളിക്കുണ്ടായ ദുരന്തഭൂമിയിൽ ഇന്നലെയും സൈന്യത്തിന്റെ നേതൃത്വത്തിൽ വിശ്രമമില്ലാതെ തെരച്ചിൽ തുടർന്നു. ഇടയ്ക്കിടയ്ക്ക് കോരിച്ചൊരിയുന്ന മഴയാണ് പ്രധാന തടസ്സം. കര, വ്യോമസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പൊലീസ്, അഗ്നിരക്ഷാസേന എന്നവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഇവരെ സഹായിക്കാൻ ഒട്ടേറെ സന്നദ്ധപ്രവർത്തകരും കൈ മെയ് മറന്നുണ്ട്. തകർന്നുവീണ മേൽക്കൂരകൾ പൊട്ടിച്ചും ചെളിക്കുഴികളിൽ സാഹസികമായി ഇറങ്ങിയുമാണ് തെരച്ചിൽ.
ഇന്നലെ മുണ്ടക്കൈയിൽ നിന്ന് പത്ത് മൃതദേഹങ്ങൾ പുറത്തെടുത്തു. ചാലിയാർ പുഴയിൽ പനങ്കയം ഭാഗത്തുനിന്ന് ഇതിനകം 80ലേറെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്തവിധം ചിതറിയ നിലയിലാണ് ശരീരങ്ങളേറെയും.
മലമുകളിലെ പുഞ്ചിരിമുട്ടത്ത് നിന്ന് കുലംകുത്തിയൊഴുകിയ മലവെള്ളം പിച്ചിച്ചീന്തിയ മനുഷ്യരുടെ ശേഷിപ്പുകൾ നാല്പത് കിലോമീറ്ററിനപ്പുറം ചാലിയാർ പുഴയിൽ പൊങ്ങുകയായിരുന്നു. നിലമ്പൂരിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് മൃതദേഹങ്ങൾ മേപ്പാടിയിലെത്തിച്ചത്.
അട്ടമലയിൽ കുടുങ്ങിയവരെ ചൂരൽമലയിൽ സൈന്യം നിർമ്മിച്ച താത്കാലിക പാലം വഴിയും വടം കെട്ടിയുമാണ് പുറത്തെത്തിച്ചത്. ഇതിനകം ആയിരത്തി അഞ്ഞൂറോളം പേരെ സൈന്യം രക്ഷപ്പെടുത്തി.
ബെയ്ലി പാലം ഇന്ന്
പൂർത്തിയാകും
രക്ഷാദൗത്യം കൂടുതൽ ഊർജ്ജിതമാക്കാൻ ചൂരൽമലയിൽ സൈന്യം നിർമ്മിക്കുന്ന ബെയ്ലി പാലം ഇന്ന് പൂർത്തിയാകും
കണ്ണൂരിൽ പ്രത്യേക വിമാനത്തിൽ കൊണ്ടുവന്ന സാമഗ്രികൾ പതിനേഴ് ട്രക്കുകളിലായി ദുരന്തഭൂമിയിലേക്കെത്തിച്ചു
ഇന്നലെ രാവിലെ പാലം പണി തുടങ്ങിയെങ്കിലും മഴയിൽ വെള്ളപ്പാച്ചിലിന്റെ ശക്തി കൂടിയതോടെ പലതവണ നിറുത്തിവച്ചു
രാത്രിയും പണി തുടരുകയാണ്. പാലം പൂർത്തിയായാൽ മണ്ണുമാന്തികൾ എത്തിച്ച് തെരച്ചിൽ വേഗത്തിലാക്കാനാകും
തിരിച്ചറിഞ്ഞത്
86 പേരെ
158 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 86 പേരെ തിരിച്ചറിഞ്ഞു. 73 പേർ പുരുഷന്മാരും 66 പേർ സ്ത്രീകളും 18 കുട്ടികളും
ഒരു മൃതദേഹത്തിന്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 147 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു
52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്മോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ വിട്ടുനൽകി
Source link