ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് വൻമുന്നേറ്റം, 13ൽ പത്തിലും വിജയം, എൻ ഡി എ രണ്ടിടത്ത്

ന്യൂഡൽിഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് വൻമുന്നേറ്റം. വിവിധ സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ പത്തിടത്തും ഇന്ത്യ സഖ്യം വിജയം നേടി. എൻ.ഡി.എയ്ക്ക് രണ്ടിടത്തുമാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ഒരിടത്ത് സ്വതന്ത്രനും ജയിച്ചു. മദ്ധ്യപ്രദേശിലും ഹിമാചൽ പ്രദേശിലെ ഒരു സീറ്റിലുമാണ് ബി.ജെ.പി വിജയിച്ചത്. ബീഹാറിൽ ജെ.ഡി.യുവിനെയും ആർ.ജെ.ഡിയെയും പിന്നിലാക്കിയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വിജയം
.
ഏഴു സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചാബ് (1), ഹിമാചൽ പ്രദേശ് (3), ഉത്തരാഖണ്ഡ് (2), പശ്ചിമബംഗാൾ (4), മദ്ധ്യപ്രദേശ് (1), ബിഹാർ (1), തമിഴ്‌നാട് (1) എന്ന്വിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. പഞ്ചാബിലെ ജലന്ധർ വെസ്റ്റ് സീറ്റിൽ എ.എ.പി സ്ഥാനാർത്ഥി മൊഹീന്ദർ ഭഗത് വിജയം നേടി. ഇരുപതിനായിരത്തിലധികം വോട്ടുകൾക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം. ബംഗാളിൽ തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളും തൃണമൂൽ നേടി. ഇവിടെ ബി.ജെ.പി രണ്ടാംസ്ഥാനത്തും ഇടതു കോൺഗ്രസ് സഖ്യത്തിന് മൂന്നിടത്ത് കെട്ടിവച്ച കാശ് നഷ്ടപ്പെടുകയും ചെയ്തു. ഹിമാചലിൽ രണ്ട് സീറ്റ് കോൺഗ്രസ് നേടിയപ്പോൾ ഒരിടത്ത് ബി.ജെ.പി സഖ്യം ജയിച്ചു. തമിഴ്‌നാട്ടിലെ വിക്രവണ്ടി സീറ്റിൽ ഡി.എം.കെയുടെ അന്നിയൂർ ശിവ 60000 വോട്ടുകൾക്ക് വിജയിച്ചു. ഉത്തരാഖണ്ഡിലെ രണ്ട് സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. മദ്ധ്യപ്രദേശിലെ അമർവാർ സീറ്റിൽ ബി.ജെ.പിയുടെ കമലേഷ് പ്രതാപ് ഷാഹി വിജയിച്ചു.
ബിഹാറിലാണ് സ്വതന്ത്ര സ്ഥാനാർത്ഥി ജയിച്ചത്. ബിഹാറിലെ പുർണിയയിലെ റുപൗലി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി ശങ്കർ സിംഗ് ജെഡിയുവിന്റെ കലാധർ പ്രസാദ് മണ്ഡലിനെ 8246 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
Source link